പി എം ജി എസ് വൈ റോഡുകളുടെ സ്ഥലം ഏറ്റെടുപ്പ് : അടിയന്തര യോഗം ചേരണമെന്ന് ആന്റോ ആന്റണി എംപി
പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡുകളുടെ നിർമ്മാണത്തിനായി വശങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ അധ്യക്ഷതയിൽ ബ്ലോക്ക്,
പത്തനംതിട്ട : പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡുകളുടെ നിർമ്മാണത്തിനായി വശങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ അധ്യക്ഷതയിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം അടിയന്തരമായി ചേരണമെന്ന് ആന്റോ ആന്റണി എംപി. റോഡുകൾക്ക് നിർദിഷ്ട വീതിയില്ലാതെ പദ്ധതി നിലച്ചു പോകുന്നതിന് പരിഹാരം ഉണ്ടാകണം. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ല ഡെവലപ്‌മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ആന്റോ ആന്റണി എംപി നിർദ്ദേശം നൽകിയത്.
വിബിജി റാം ജി പദ്ധതിയിൽ പരമാവധി തൊഴിൽ ദിനങ്ങൾ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ ഉറപ്പാക്കണം. പി എം എ വൈ, തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളിൽ പുരോഗതി ഉണ്ടാകണം. വീട് നിർമ്മാണത്തിനുള്ള തുക സമയബന്ധിതമായി വിതരണം ചെയ്യണം. കാർഷിക വകുപ്പിന്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കുന്നതിന് കർഷക സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല ശില്പശാല സംഘടിപ്പിക്കണം. സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ആരോഗ്യമേഖലയിലെ ജില്ലയുടെ ആവശ്യങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ലഭ്യമാക്കാനും എംപി നിർദ്ദേശിച്ചു. ജലജീവൻ മിഷൻ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പുരോഗതി എന്നിവയും യോഗത്തിൽ വിലയിരുത്തി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ദിശ പ്രൊജക്റ്റ് ഡയറക്ടർ കെ ഇ വിനോദ് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.