ആദിവാസി ഊരുകളിൽ ആരോഗ്യപരിചരണത്തിന് 'ഊരുമിത്രം'; പത്തനംതിട്ടയിൽ 13 ഹാംലെറ്റ് ആശമാർ
ആദിവാസി മേഖലയിലെ ആരോഗ്യപരിരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടപ്പാക്കുന്ന ഹാംലെറ്റ് ആശ (ഊരുമിത്രം) പദ്ധതി ജില്ലയിൽ യാഥാർത്ഥ്യമാകുന്നു.
പത്തനംതിട്ട : ആദിവാസി മേഖലയിലെ ആരോഗ്യപരിരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടപ്പാക്കുന്ന ഹാംലെറ്റ് ആശ (ഊരുമിത്രം) പദ്ധതി ജില്ലയിൽ യാഥാർത്ഥ്യമാകുന്നു. വനപ്രദേശങ്ങൾ ഉൾപ്പെടുന്ന ആദിവാസി ഊരുകളിൽ നിന്നുതന്നെ വനിതകളെ ഹാംലെറ്റ് ആശമാരായി തിരഞ്ഞെടുത്ത് പരിശീലനം നൽകി ആരോഗ്യപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പത്തനംതിട്ട ജില്ലയിൽ വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, അരുവാപ്പുലം, പഴവങ്ങാടി, ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 13 ഹാംലെറ്റ് ആശമാരെ നിയമിക്കുന്നതിന് സംസ്ഥാനതലത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ സേവനം ലഭ്യമാകുന്നതോടെ ഉന്നതികളിലും ഉൾവനങ്ങളിലെ ആദിവാസി മേഖലകളിലും താമസിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷ കൂടുതൽ കാര്യക്ഷമമാകും. ആദിവാസി ഊരുകളിലും കുഗ്രാമങ്ങളിലും നിന്നുള്ള വനിതകളെ ആശ പ്രവർത്തകരായി തിരഞ്ഞെടുത്ത് ആവശ്യമായ പരിശീലനം നൽകിയാണ് ആരോഗ്യ സേവനങ്ങളുടെ ഭാഗമാക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിലെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, പ്രതിരോധ കുത്തിവയ്പ്പുകൾ ഉറപ്പാക്കുക, വീട്ടിലെ പ്രസവം ഒഴിവാക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആരോഗ്യസേവന സംവിധാനത്തിനും ആദിവാസി സമൂഹത്തിനുമിടയിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിലും ഹാംലെറ്റ് ആശമാർക്ക് നിർണായക പങ്കുവഹിക്കാനാകും.
കലക്ടറേറ്റിലെ പമ്പ കോൺഫറൻസ് ഹാളിൽ നടന്ന ആലോചന യോഗത്തിൽ ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ് പദ്ധതി വിശദീകരണം നടത്തി. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷൈലജ ബിവി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ആർ രാജൻ, ജില്ല സർവൈലൻസ് ഓഫീസർ (ആരോഗ്യം) ഡോ. ജീവൻ കെ നായർ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. ഇ പ്രശോഭ്, ഡോ. രേഷ്മ കെ കണ്ണൻ, ഡോ. അരുൺ കമ്മത്ത്, ഡോ. പത്മനാഭൻ, ഡോ. ദീപ്തി, ഡോ. ലേഖ തോബിയാസ്, ഡോ. എം ജെ ചിഞ്ചു, ജില്ല ആശാ കോർഡിനേറ്റർ അമല മാത്യു, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.