പത്തനംതിട്ടയിൽ ഇരട്ടക്കുട്ടികളെ തെരുവുനായ ആക്രമിച്ചു

വീടിന് സമീപത്തെ വീട്ടിൽ ട്യൂഷന് എത്തിയതായിരുന്നു കുട്ടികൾ.

 


പത്തനംതിട്ട: പത്തനംതിട്ടയിൽ ഇരട്ടക്കുട്ടികളെ തെരുവുനായ ആക്രമിച്ചു. വീടിന് സമീപത്തെ വീട്ടിൽ ട്യൂഷന് എത്തിയതായിരുന്നു കുട്ടികൾ. ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു കുട്ടികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. സമീപത്തെ കടയിൽ ഉണ്ടായിരുന്നവരാണ് കുട്ടികളെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. കൊടുമണ്ണിലാണ് സംഭവം.

എൽകെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.കുട്ടികളിൽ ഒരാളുടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. കുട്ടികളെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.