ലോക പക്ഷാഘാതദിനം: പത്തനംതിട്ട  ജില്ലാതല ഉദ്ഘാടനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പക്ഷാഘാത ദിനാചരണത്തിന്റെയും ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് നിര്‍വഹിച്ചു.

 

പത്തനംതിട്ട :  ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പക്ഷാഘാത ദിനാചരണത്തിന്റെയും ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് നിര്‍വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നിബിന്‍ കൃഷ്ണന്‍ അധ്യക്ഷനായി. തലച്ചോറിലെ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ രക്തം ലഭിക്കാതിരിക്കുന്നത് വഴി കോശങ്ങള്‍ക്ക് ആവശ്യമായ പ്രാണവായു, പോഷകങ്ങള്‍ എന്നിവയുടെ ലഭ്യത നഷ്ടമാവുകയും അതുമൂലം മസ്തിഷ്‌കകോശങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ച് പോവുകയും ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. ജില്ലാ മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ പക്ഷാഘാതം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍ക്കൊള്ളിച്ച ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനവും ചടങ്ങില്‍ നടത്തി. 'നിമിഷങ്ങള്‍ക്ക് ജീവന്റെ വിലയുണ്ട്' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ജോര്‍ജ് ബോധവല്‍ക്കരണ പരിശീലന ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീജിത്ത് ബാബു, ജില്ലാ എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ആര്‍ ദീപ, എം പി ബിജു കുമാര്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ലാലി തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു,  ആരോഗ്യപ്രവര്‍ത്തകര്‍, വയോജനങ്ങള്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി  പൊതുജനങ്ങള്‍ക്കായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി. തിരുവല്ല പുഷ്പഗിരി നഴ്‌സിംഗ് കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി.