തദ്ദേശ ഉപതിരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടർപട്ടിക : പത്തനംതിട്ട  ജില്ല കലക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ല കലക്ടർ എ നിസാമുദ്ദീൻ. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേംബറിൽ ചേർന്ന യോഗത്തിൽ വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം വിശദീകരിക്കുകയായിരുന്നു  ജില്ല കലക്ടർ.

 

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ല കലക്ടർ എ നിസാമുദ്ദീൻ. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേംബറിൽ ചേർന്ന യോഗത്തിൽ വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം വിശദീകരിക്കുകയായിരുന്നു  ജില്ല കലക്ടർ. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് (സ്ത്രീ സംവരണം), കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഓതറ (പട്ടികജാതി സംവരണം), റാന്നി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്കുപടി (സ്ത്രീ സംവരണം), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി (പട്ടികജാതി സംവരണം) എന്നീ  വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.  

ജൂലൈ 21ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത്, ഒഴിവാക്കുന്നത്, പഞ്ചായത്ത്/ വാർഡ് മാറുന്നത് തുടങ്ങി എല്ലാ അപേക്ഷകളും ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ( ഇ ആർ ഒ) കൃത്യമായി പരിശോധിക്കണം.  ഹിയറിങ്ങിൽ നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ഓൺലൈൻ മാർഗങ്ങൾ ഒരുക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം നാല്, പ്രവാസി ഭാരതീയരുടെ പേര് ചേർക്കുന്നതിന് ഫോം നാല് എ,  പേര് ചേർക്കുന്നതോ ഒഴിവാക്കുന്നതോ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾക്ക് ഫോം അഞ്ച്, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോം ആറ്, സ്ഥാന മാറ്റത്തിന് ഫോം ഏഴ് എന്നിങ്ങനെ വോട്ടർമാർക്ക് ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷ നൽകാം. ഓഗസ്റ്റ് 19ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും കലക്ടർ പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ എച്ച് മുഹമ്മദ് നവാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ട് ആർ രാജേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ  ഇ അർ ഒ, അസിസ്റ്റന്റ് ഇ ആർ ഒ തുടങ്ങിയവർ പങ്കെടുത്തു.