പത്തനംതിട്ട പരിപൂർണ സാക്ഷരതയിലേക്ക്; അക്ഷരപൂർണിമ പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട ജില്ലയെ പരിപൂർണ സാക്ഷരതയിലേക്ക് നയിക്കുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരപൂർണിമ പദ്ധതിക്ക് തുടക്കമായി.
പത്തനംതിട്ട : പത്തനംതിട്ട ജില്ലയെ പരിപൂർണ സാക്ഷരതയിലേക്ക് നയിക്കുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരപൂർണിമ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ കർമപദ്ധതി ആസൂത്രണ ശിൽപ്പശാല കലക്ടറേറ്റ് ഗവി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അക്ഷരപൂർണിമയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
2011ലെ സെൻസസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് 96.93 ശതമാനമായിരുന്നു. 2023-24ലെ കേന്ദ്രസർക്കാർ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം ഇത് 97.44 ശതമാനമായി ഉയർന്നിട്ടുണ്ട്. കിടപ്പുരോഗികൾ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കാഴ്ചപരിമിതിയുള്ളവർ, അബോധാവസ്ഥയിലുള്ളവർ തുടങ്ങിയവരെ ഒഴിവാക്കി ജില്ലയിൽ പരിപൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നവംബർ 25നകം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ സംഘാടകസമിതികൾ രൂപീകരിക്കും. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നവംബർ 30നകം പൂർത്തിയാക്കും. ഡിസംബർ ഒന്നിന് ജില്ലാതല ഉദ്ഘാടനവും ഡിസംബർ രണ്ടിനും അഞ്ചിനും ഇടയിൽ പഞ്ചായത്ത്, നഗരസഭാ തല ഉദ്ഘാടനങ്ങളും നടക്കും. പദ്ധതിയുടെ ഭാഗമായി പഠിതാക്കൾക്ക് സാക്ഷരതാ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യും. നിരക്ഷരരെ പഠിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന സന്നദ്ധ അധ്യാപകർക്ക് പരിശീലനവും നൽകും. മാർച്ച് ഒന്നിന് മികവുത്സവം സംഘടിപ്പിക്കും. പഞ്ചായത്ത്, നഗരസഭാ തല പരിപൂർണ സാക്ഷരതാ പ്രഖ്യാപനം മാർച്ച് അഞ്ചിനും 15നും ഇടയിലും ബ്ലോക്ക് തല പ്രഖ്യാപനം മാർച്ച് 16നും 20നും ഇടയിലും ജില്ലാതല പ്രഖ്യാപനം മാർച്ച് 25നും നടത്താനാണ് തീരുമാനം.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ മാർച്ച് രണ്ടുമുതൽ നാലുവരെ നടക്കുന്ന ബാഹ്യ മൂല്യനിർണയത്തിൽ വിജയിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ സാക്ഷരതാ പ്രഖ്യാപനത്തിൽ ഉൾപ്പെടാനാകൂ. പദ്ധതിക്കായി ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ പഞ്ചായത്ത് എന്നിവ ഫണ്ട് നീക്കിവയ്ക്കും. പദ്ധതിയിലൂടെ സാക്ഷരതാ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് നാലാം, ഏഴാം, പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിൽ തുടർപഠനത്തിന് അവസരം ലഭിക്കും. സാക്ഷരതാ ക്ലാസുകൾ നയിക്കുന്ന സന്നദ്ധ അധ്യാപകർക്ക് അംഗീകൃത സർട്ടിഫിക്കറ്റും നൽകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ പദ്ധതി വിശദീകരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ലേഖ എസ്., പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സിംല ആർ. എന്നിവർ സംസാരിച്ചു.