പള്ളിക്കലാറിന്റെ നീരൊഴുക്ക് സംരക്ഷിക്കപ്പെടണം : ഡപ്യൂട്ടി സ്പീക്കര്‍

 

പത്തനംതിട്ട : പള്ളിക്കലാറിന്റെ നീരൊഴുക്ക് സംരക്ഷിക്കപ്പെടണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കലാറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നെല്ലിമുകളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പള്ളികലാറിന്റെ നീരൊഴുക്ക് വീണ്ടെടുക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ സാധിക്കും.

ആറിന്റെ പല ഭാഗങ്ങളിലും  അടിഞ്ഞുകൂടി കിടക്കുന്ന ചെളി നീക്കം ചെയ്ത്  ആവശ്യമായ സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് ആറിന്റെ സ്വഭാവിക ഒഴുക്ക് വീണ്ടെടുത്ത് സൗന്ദര്യവത്ക്കരണ പ്രവര്‍ത്തികള്‍ നടത്തുകയാണ് ലക്ഷ്യം. പള്ളിക്കലാറിന്റെ സംരക്ഷണം  ജനകീയമായി ഏറ്റെടുക്കണം. മണ്ഡലത്തില്‍ സ്‌കൂള്‍, ആശുപത്രി, റോഡ് തുടങ്ങി വിവിധ മേഖലകളില്‍  സമഗ്രമായ വികസനമാണ് നടന്നുവരുന്നത്.  കക്ഷി രാഷ്ട്രീയതിനപ്പുറം കൂട്ടായ്മയോടെയുള്ള സഹകരണമാണ് നാടിന്റെ വികസനത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീദരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് സണ്ണി ജോണ്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, മേജര്‍ ഇറിഗേഷന്‍ കണ്‍വീനര്‍ എസ് അനൂപ്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.