അടൂർ കോടതി സമുച്ചയ നിർമ്മാണം : ഡിസംബർ 30ന് മുമ്പ് പൂർത്തിയാക്കണമെന്ന് സി വി ശാന്തകുമാർ എംഎൽഎ
അടൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഡിസംബർ 30 നകം പൂർത്തിയാക്കണമെന്ന് സി വി ശാന്തകുമാർ എംഎൽഎ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് എംഎൽഎയുടെ നിർദ്ദേശം.
പത്തനംതിട്ട : അടൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഡിസംബർ 30 നകം പൂർത്തിയാക്കണമെന്ന് സി വി ശാന്തകുമാർ എംഎൽഎ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് എംഎൽഎയുടെ നിർദ്ദേശം. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. അവശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി. അടൂർ പൊതുമരാമത്ത് കോംപ്ലക്സ്, റവന്യൂ കോംപ്ലക്സ് എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കണം. അടൂർ - തുമ്പമൺ - കോഴഞ്ചേരി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ അധ്യക്ഷതയിൽ നവംബർ ആദ്യവാരം തദ്ദേശസ്ഥാപന പ്രതിനിധികൾ, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരും. അടൂർ നയനം തിയേറ്ററിന് മുൻവശത്തുള്ള റോഡിന്റെ അറ്റപ്പണി നടത്തണം. ശബരിമല തീർത്ഥാടനകാലം അടുത്തു വരുന്ന സാഹചര്യത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് പോലീസും ഗതാഗത വകുപ്പും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പ്രവൃത്തികൾ ദീർഘകാലം നീളുന്ന സാഹചര്യമുണ്ടായാൽ കർശ നടപടി ഉണ്ടാകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.
പ്രമാടം പഞ്ചായത്തിന്റെ പ്രധാന ഭാഗമായ പൂങ്കാവ് ജംഗ്ഷനിൽ ദിശാ സൂചികയും ഡിവൈഡറും സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. പൂങ്കാവ് - പത്തനംതിട്ട റോഡിൽ പ്രമാടം സഹകരണ ബാങ്കിന് സമീപമുള്ള റോഡിലെ വളവിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് ക്രാഷ് ഗാർഡ് സ്ഥാപിക്കണം. പൂങ്കാവ് - ഇടതുരുത്ത് റോഡിൽ വെള്ളക്കെട്ട് തടയുന്നതിന് നടപടി ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല പറഞ്ഞു. ടി കെ റോഡിലെ ടാറിങ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പള്ളിക്കൽ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പിൽ ഗോപകുമാർ പറഞ്ഞു. പത്തനംതിട്ട ജില്ലാ ജയിലിന്റെ നിർമ്മാണം വേഗത്തിൽ ആക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ശബരിമല തീർത്ഥാടന പാതകൾ മികച്ച നിലവാരത്തിലാണെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണമെന്ന് യോഗത്തിൽ അധ്യക്ഷനായ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ നിർദ്ദേശം നൽകി. റോഡിന്റെ വശങ്ങളിലെ കാട് വെട്ടി തെളിക്കണം. റിഫ്ളക്ടറുകൾ, ക്രാഷ് ബാരിയർ, ദിശാ സൂചകങ്ങൾ, അപകട മുന്നറിയിപ്പ് ബോർഡുകൾ, റോഡ് അടയാളങ്ങൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റ് പ്രവൃത്തികളും വകുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കണം. അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക പ്രതിരോധ മാതൃകകൾ കെട്ടിട നിർമാണത്തിന് പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുളിക്കീഴ് റോഡ് നിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ആർ കെ ഐ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ട കെട്ടിടങ്ങൾ പഞ്ചായത്ത്, റവന്യൂ വകുപ്പുകൾ മുൻകൂട്ടി സന്ദർശിച്ച് ക്രമീകരങ്ങൾ ഉറപ്പാക്കണം. കൂടുതൽ ക്യാമ്പുകൾ നേരത്തെ തന്നെ കണ്ടെത്തണം. പത്തനംതിട്ട ജില്ലാ ജയിലിന്റെ നിർമ്മാണത്തിൽ കാലതാമസം നേരിടുന്നതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥർക്ക് കലക്ടർ താക്കീത് നൽകി. പമ്പ ചാലക്കയം റോഡിന്റെ നിർമ്മാണം മാതൃകാപരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.