ആരോഗ്യകരമായ ജീവിതത്തിന് അല്പസമയം മാറ്റിവയ്ക്കണം : മന്ത്രി വീണാ ജോർജ്
ആരോഗ്യകരമായ ജീവിതം നയിക്കാൻ അൽപസമയം മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 2026 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് കാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് ആറന്മുള സത്രക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യത്തോടെ ജീവിക്കാൻ വ്യായാമം, നല്ല ഭക്ഷണം, കൃത്യമായ ഉറക്കം തുടങ്ങിയവ ശീലമാക്കണം.
പത്തനംതിട്ട : ആരോഗ്യകരമായ ജീവിതം നയിക്കാൻ അൽപസമയം മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 2026 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് കാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് ആറന്മുള സത്രക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യത്തോടെ ജീവിക്കാൻ വ്യായാമം, നല്ല ഭക്ഷണം, കൃത്യമായ ഉറക്കം തുടങ്ങിയവ ശീലമാക്കണം.
ആരോഗ്യസൂചകങ്ങളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ശിശു മരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. നവജാത ശിശുമരണം, മാതൃമരണം എന്നിവ സംസ്ഥാനത്ത് കുറവാണ്. ഇന്ത്യയിൽ ഏറ്റവും ആയുസുള്ളവർ ജീവിക്കുന്നത് കേരളത്തിലാണ്.
ജീവിതശൈലി രോഗമെന്ന വെല്ലുവിളിയെ മറികടക്കാൻ നമുക്ക് ആകണം.രോഗങ്ങളെ തടയുന്നതിന് സൂബാ, ഏയ്‌റോബിക് , യോഗ തുടങ്ങി വ്യായാമങ്ങൾക്കായി ദിവസവും അരമണിക്കൂർ ഓരോരുത്തരും മാറ്റിവയ്ക്കണം. ഇത് ഭാവിയിലേക്കുള്ള നിക്ഷേപമായി കരുതണം.
ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധം. പുകവലി, മദ്യപാനം, മൊബൈൽ അഡിക്ഷൻ തുടങ്ങിയവ ഒഴിവാക്കി ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരണം.
കേരളത്തിലെ ജനങ്ങൾക്ക് കരുതലായി 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും പതിനായിരം യോഗ ക്ലബുകളും സംസ്ഥാനത്തുടനീളംആരംഭിച്ചതായും മന്ത്രി പറഞ്ഞു.ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ അധ്യക്ഷനായി.
കാമ്പയിനോടനുബന്ധിച്ച് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ റോഡ് ഷോ, കോഴഞ്ചേരി ബസ് സ്റ്റാൻഡ് മുതൽ ആറന്മുള സത്രക്കടവ് വരെ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു .
ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ,ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ആർ നായർ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ്പ് ജോസഫ്,ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യകരമായ ഭക്ഷണം,പ്രായാനുസൃതമായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് പ്രാധാന്യം നൽകിയാണ് 2026 ജനുവരി ഒന്ന് മുതൽ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യം ആനന്ദം വൈബ് ഫോർ കാമ്പയിൻ ആരംഭിക്കുന്നത് .പരിപാടിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .