ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കി : മന്ത്രി വീണാ ജോർജ്
ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയാണ് സർക്കാർ ദൗത്യമെന്ന് മന്ത്രി വീണാ ജോർജ്. കൊടുമൺ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട ഉദ്ഘാടനം ചന്ദനപള്ളിയിൽ നിർവഹിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി.
പത്തനംതിട്ട : ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയാണ് സർക്കാർ ദൗത്യമെന്ന് മന്ത്രി വീണാ ജോർജ്. കൊടുമൺ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട ഉദ്ഘാടനം ചന്ദനപള്ളിയിൽ നിർവഹിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി.സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ വിസ്മയകരമായ മാറ്റം സാധ്യമായി. ആരോഗ്യ കേന്ദ്രങ്ങൾ രോഗി സൗഹൃദവും ജനസൗഹൃദവുമാക്കി മികച്ച സേവനം ഉറപ്പാക്കാൻ ആർദ്രം മിഷനിലൂടെ സാധിച്ചു. കൊടുമൺ, ഐക്കാട്, അങ്ങാടിക്കൽ, ചാലപ്പറമ്പ് എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിട നിർമാണത്തിന് തുക അനുവദിച്ചു. 15 കോടി രൂപ ചെലവിൽ അടൂർ ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചു. അടൂർ ജനറൽ ആശുപത്രിക്ക് അമ്മയും കുഞ്ഞും കെട്ടിടത്തിനായി 15 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി നാടിനു സമർപ്പിച്ചു. കോന്നി മെഡിക്കൽ കോളജ് സാധ്യമാക്കി. ജില്ലയിൽ പുതിയ നഴ്സിംഗ് കോളജ് ആരംഭിച്ചു. തിരുവല്ല, റാന്നി, എഴുമറ്റൂർ തുടങ്ങി വിവിധ ഇടങ്ങളിൽ പുതിയ ആശുപത്രി കെട്ടിട നിർമാണം പുരോഗമിക്കുന്നു.
എട്ടു കോടി രൂപ ചെലവിൽ അടൂരിൽ നിർമിച്ച സംയോജിത ആശുപത്രി ഉടൻ നാടിന് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
അടൂർ മണ്ഡലത്തിൽ ആരോഗ്യം, പശ്ചാത്തല വികസനം, പൊതു വിദ്യാഭ്യാസ മേഖല തുടങ്ങി എല്ലാ രംഗത്തും സമാനതകളില്ലാത്ത വികസനം സാധ്യമായതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 10 വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയ്ക്ക് ഉണർവേകാൻ സർക്കാരിനായി. കൊടുമണ്ണിൽ അന്താരാഷ്ട്ര സ്റ്റേഡിയം സാധ്യമായി. ഏഴംകുളം- കൈപ്പട്ടൂർ, ആനയടി- കൂടൽ, കൊടുമൺ- അങ്ങാടിക്കൽ തുടങ്ങി മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയതായും അദ്ദേഹം പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
4200 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുകോടി 43 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിട നിർമാണം. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഏജൻസിക്കായിരുന്നു നിർമാണ ചുമതല. ഗർഭിണികൾക്കുള്ള ക്ലിനിക്ക്, ജീവിതശൈലി രോഗം നിർണയ ക്ലിനിക്, വയോജന ക്ലിനിക്,പാലിയേറ്റീവ് കെയർ , കൗമാര ആരോഗ്യ ക്ലിനിക്, മാനസികാരോഗ ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങൾ സ്ഥാപനത്തിലൂടെ ലഭിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ എ എൻ സലീം, ബീനപ്രഭ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജി ഗീതാ ദേവി, വൈസ് പ്രസിഡന്റ് പ്രകാശ് റ്റി ജോൺ, സ്ഥിരം സമിതി അധ്യക്ഷരായ ലാലി സുദർശനൻ, ഐക്കര ഉണ്ണികൃഷ്ണൻ, അംബിക വിനയൻ, അംഗങ്ങളായ ജി അനിരുദ്ധൻ, എം കിരൺ, സീന സത്യൻ, കെ കെ അശോക് കുമാർ, എം ആർ രൂപ, മിഥിൻ അങ്ങാടിക്കൽ, ലീലാമണി വാസുദേവൻ, ജിഷാരാജ്, ഷൈനി തോമസ്, കൃഷ്ണകുമാരി അമ്മ, കെ ഹരികുമാർ, ഡി പ്രദീപ്, എ ജി ശ്രീകുമാർ, സന്ധ്യാ ജി രാജ്, ജില്ലാ പ്രോഗ്രാം ഓഫീസർ എസ് ശ്രീകുമാർ, ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജിജോ റ്റി മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡി സജി, അഡ്വ ബിജു ഫിലിപ്, എ വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.