വടശ്ശേരിക്കര : എഐ ക്യാമറകളും സീസ്മിക് സെൻസറുകളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

റാന്നി വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ തുടർച്ചയായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി ആധുനിക സാങ്കേതികവിദ്യയും സംയുക്ത കർമ്മപദ്ധതിയുമായി സർക്കാർ. ആനകൾ സ്ഥിരമായി കടന്നുവരുന്ന വഴികളിലെ പ്രധാന

 

പത്തനംതിട്ട : റാന്നി വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ തുടർച്ചയായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി ആധുനിക സാങ്കേതികവിദ്യയും സംയുക്ത കർമ്മപദ്ധതിയുമായി സർക്കാർ. ആനകൾ സ്ഥിരമായി കടന്നുവരുന്ന വഴികളിലെ പ്രധാന പോയിന്റുകളിൽ സെൻസർ അലേർട്ട് സംവിധാനത്തോടുകൂടിയ രണ്ട് എഐ ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

വടശ്ശേരിക്കരയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തിയത്തുമായി ബന്ധപ്പെട്ട് സ്ഥിതിഗതി വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി വടശ്ശേരിക്കരയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  ഒരു കിലോമീറ്റർ ചുറ്റളവിൽ ആനയുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന സീസ്മിക് സെൻസറുകൾ മണ്ണിനടിയിൽ അടിയന്തരമായി സ്ഥാപിക്കും. ആനയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോൺ അടിയന്തരമായി എത്തിക്കും. നിലവിലുള്ള ഒറ്റവരി സോളാർ വേലി പര്യാപ്തമല്ലാത്തതിനാൽ മുഴുവൻ മേഖലയും ഉൾപ്പെടുത്തി എട്ട് കിലോമീറ്റർ നീളത്തിൽ അഞ്ച് വരികളുള്ള പുതിയ സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു.

വനംവകുപ്പ്, പോലീസ്, ഫയർഫോഴ്സ് എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഇതിൽ പരിചയ സമ്പന്നരായ പ്രദേശവാസികളെ വോളന്റിയർമാരായി ഉൾപ്പെടുത്തും. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡിഎഫ്ഒയ്ക്ക് നൽകണം.  രാത്രികാല പട്രോളിംഗിനും വേലിയുടെ അറ്റകുറ്റപ്പണികൾക്കുമായി ആനകൾ സ്ഥിരമായി കടന്നുവരുന്ന പോയിന്റുകളിൽ രണ്ട് ഷിഫ്റ്റുകളിലായി വാച്ച്മാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് വനംവകുപ്പിന്റെ തേക്ക് തോട്ടത്തിലെ വേലി മാറ്റാൻ കഴിയുന്ന ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു. വനാതിർത്തികളിൽ ആനയെ പ്രതിരോധിക്കുന്ന ജൈവ വേലികളായ നാരകം, മഞ്ഞൾ തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കും. കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ സർക്കാർ തലത്തിൽ മൂല്യവർദ്ധിത കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനായി എംഎൽഎ യുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, എസ്പി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച്  സർവ്വകക്ഷി യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മന്ത്രി നിർദ്ദേശിച്ചു. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി മറികടക്കാൻ സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

ആന്റോ ആന്റണി എംപി, പഴകുളം മധു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ നിസാമുദ്ദീൻ, സൗത്ത് സോൺ സിസിഎഫ് കെ കാർത്തികേയൻ, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഉഷ, റാന്നി ഡിഎഫ്ഒ കെ അരുൾ സെൽവൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.