പട്ടയം ലഭ്യമാക്കുന്നതിന്റെ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയാക്കി : മന്ത്രി കെ രാജൻ
പട്ടയം ലഭ്യമാക്കുന്നതിന്റെ വാർഷിക വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷം രൂപയാക്കി ർധിപ്പിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നെടുമ്പ്രം, കോന്നി ഐരവൺ സ്മാർട്ട് വില്ലേജുകളുടെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട :പട്ടയം ലഭ്യമാക്കുന്നതിന്റെ വാർഷിക വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷം രൂപയാക്കി ർധിപ്പിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നെടുമ്പ്രം, കോന്നി ഐരവൺ സ്മാർട്ട് വില്ലേജുകളുടെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 4,10000 കുടുംബങ്ങൾ ഭൂമിയുടെ ഉടമകളായി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം 2,33,947 കുടുംബങ്ങൾക്ക് പട്ടയം കിട്ടി.
പട്ടയം മിഷൻ, റവന്യൂ അസംബ്ലി എന്നിവയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളിൽ ജില്ലയിൽ പരിഹരിക്കാനാക്കാത്തവ പട്ടയ ഡാഷ് ബോർഡിൽ ഉൾപെടുത്തി വകുപ്പ് നേരിട്ട് തീർപ്പാക്കുന്നു. ഡിജിറ്റൽ റീസർവേയിലൂടെ രണ്ട് വർഷത്തിനുള്ളിൽ 8,87000 ഹെക്ടർ ഭൂമിയും 64 ലക്ഷത്തിലേറെ ലാൻഡ് പാഴ്സലുകളും അളന്നു. റീസർവേ നടപടി പൂർണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമായി. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റിലീസ്, സർവേ വകുപ്പിന്റെ ഇ മാപ് പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി പോർട്ടൽ സംവിധാനത്തിലൂടെ ഭൂമി ക്രയവിക്രയം എളുപ്പമാക്കി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവക്യത്തോടെ റവന്യു വകുപ്പ് ശ്രദ്ധേയവും വിപ്ലവകരവുമായ പ്രവർത്തനം നടത്തുന്നു. പുതിയതായി ഭരണാനുമതി ലഭിച്ച 190 വില്ലേജുകളിൽ 32 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഭൂവുടമകൾക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാശംങ്ങൾ ഉൾക്കൊള്ളുന്ന റവന്യു സ്മാർട്ട് കാർഡ് അടുത്ത വർഷത്തോടെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെടുമ്പ്രം ഉണ്ടപ്ലാവ് എൻഎസ്എസ് കരയോഗ മന്ദിരം ഹാളിൽ നടന്ന നെടുമ്പ്രം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിൽ മാത്യൂ ടി തോമസ് എംഎൽഎ അധ്യക്ഷനായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിൽ നടന്ന ഐരവൺ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം വി ശ്രീകുമാർ, കോന്നി ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ ജയകുമാർ, പുഷ്പ ഉത്തമൻ, എഡിഎം ബി ജ്യോതി, കോന്നി തഹസിൽദാർ സിനി മോൾ എന്നിവർ പങ്കെടുത്തു.