തിരുവല്ല കവിയൂരിൽ ലഹരിക്ക് അടിമയായ മകൻ്റെ ഉപദ്രവം സഹിക്ക വയ്യാതെ മാതാവ് പാറക്കുളത്തിൽ ചാടി

ലഹരിക്ക് അടിമയായ മകൻ്റെ ശാരീരിക- മാനസിക ഉപദ്രവം സഹിക്ക വയ്യാതെ മാതാവ് പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവല്ല കവിയൂർ കോട്ടൂർ നാഴിപ്പാറ അയ്യനാകുഴി വീട്ടിൽ കുഞ്ഞമ്മ പാപ്പൻ (85 ) ആണ് മകൻ രവിയുടെ നിരന്തര പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.  മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ എത്തുന്ന മകൻ തന്നെ നിരന്തരമായി ഉപദ്രവിക്കുമെന്ന് കുഞ്ഞമ്മ പറഞ്ഞു.
 

തിരുവല്ല : ലഹരിക്ക് അടിമയായ മകൻ്റെ ശാരീരിക- മാനസിക ഉപദ്രവം സഹിക്ക വയ്യാതെ മാതാവ് പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവല്ല കവിയൂർ കോട്ടൂർ നാഴിപ്പാറ അയ്യനാകുഴി വീട്ടിൽ കുഞ്ഞമ്മ പാപ്പൻ (85 ) ആണ് മകൻ രവിയുടെ നിരന്തര പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.  മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ എത്തുന്ന മകൻ തന്നെ നിരന്തരമായി ഉപദ്രവിക്കുമെന്ന് കുഞ്ഞമ്മ പറഞ്ഞു.

ഏതാനും മാസങ്ങൾക്കു മുമ്പും മകൻ രവിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞമ്മയെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മകൻ എന്ന പരിഗണന നൽകി പോലീസിൽ പരാതി നൽകാൻ കുഞ്ഞമ്മ തയ്യാറായിരുന്നില്ല. തിങ്കളാഴ്ച രാത്രിയും പതിവുപോലെ മർദ്ദനവും അസഭ്യവർഷവും തുടർന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും പോയ രവി താൻ തിരികെ വരുമ്പോൾ ഇവിടെ കണ്ടു പോകരുതെന്ന് കുഞ്ഞമ്മയ്ക്ക് താക്കീത് നൽകി.

തുടർന്നാണ് കുഞ്ഞമ്മ വീടിന് സമീപത്തെ പാറക്കുളത്തിൽ ചാടിയത്. സംഭവം കണ്ട തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കുഞ്ഞമ്മയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. സംഭവം അറിഞ്ഞ് എത്തിയ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംഡി ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ കുഞ്ഞമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് തിരുവല്ല എസ് ഐ വിമൽ രംഗനാഥിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയ കുഞ്ഞമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രവിയ്ക്കെതിരെ കേസെടുത്തു.