പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും : ജില്ലാതല പൊതുജനാരോഗ്യ സമിതി യോഗം ചേർന്നു

 ഓണക്കാലത്ത്പകർച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം.

 

പത്തനംതിട്ട :  ഓണക്കാലത്ത്പകർച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം. ജില്ല കലക്ടർ എ നിസാമുദ്ദീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാതല പൊതുജനാരോഗ്യ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.കാലവർഷം ശക്തമായ സാഹചര്യത്തിൽ ജന്തുജന്യരോഗങ്ങൾ, കൊതുകുജന്യരോഗങ്ങൾ, എലിപ്പനി തുടങ്ങിയവ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവർത്തനം ശക്തമാക്കും. പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പ്രവർത്തനങ്ങളും ഏകാരോഗ്യസമീപനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തുന്ന രോഗപ്രതിരോധ, ശുചീകരണ, ബോധവൽകരണ പ്രവർത്തനങ്ങളും വിലയിരുത്തി.

ഓണക്കാലത്തും വേണം ആരോഗ്യ ജാഗ്രത എന്ന സന്ദേശവുമായി പ്രത്യേക ആരോഗ്യ ക്യാമ്പയിനും നടപ്പാക്കും. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 24 വരെ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന ശക്തമാക്കും.കാറ്ററിങ്ങ് യൂണിറ്റുകൾ, ഭക്ഷ്യ ഉൽപാദന-വിതരണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഓണം ഫുഡ് ഫെസ്റ്റുകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തും. ആഹാര-പാനീയ ശുചിത്വം, ഭക്ഷ്യസുരക്ഷ, ഹരിതചട്ടം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ ശക്തമായ നടപടി സ്വീകരിക്കും.

ഓണക്കാലത്ത് ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് യോഗം നിർദേശിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് നിർബന്ധമായും ഹെൽത്ത്കാർഡ് ഉണ്ടാകണം. കുടിവെള്ള പരിശോധന റിപ്പോർട്ട് ലഭ്യമാക്കണം. പഴകിയ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കരുത്. പകർച്ചവ്യാധിയുള്ളവർ ഭക്ഷണം കൈകാര്യം ചെയ്യരുത്. ഓണവിഭവങ്ങൾ തയ്യാറാക്കുമ്പോൾ സിന്തറ്റിക് നിറങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്. ഫിൽറ്ററുകളിലും കാനുകളിലും ലഭിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂ. ചട്ണി, സംഭാരം തുടങ്ങിയവ തയ്യാറാക്കുന്നതിനും തിളപ്പിച്ച വെള്ളം ഉപയോഗിക്കണം.
കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിന് ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവൽകരണവും ശക്തമാക്കും. വീടും പരിസരവും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ തരംതിരിച്ച് സംസ്‌കരിക്കുകയും വേണം. പാത്രങ്ങൾ, ബക്കറ്റുകൾ, ചിരട്ടകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാത്ത വിധം കമിഴ്ത്തിവയ്ക്കുകയോ മൂടിവയ്ക്കുകയോ ചെയ്യണം.
മണ്ണുമായും വെള്ളവുമായും സമ്പർക്കം പുലർത്തുന്നവർ എലിപ്പനി പ്രതിരോധത്തിന് ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം പ്രതിരോധ മരുന്ന് കഴിക്കണം. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികത്സയ്ക്ക് മുതിരാതെ ഉടൻ വൈദ്യസഹായം തേടണമെന്നും യോഗം നിർദേശിച്ചു.

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ, രോഗപ്രതിരോധ, ബോധവൽകരണ പ്രവർത്തനം ഏകോപിപ്പിച്ച് നടപ്പാക്കാനും തീരുമാനിച്ചു. ഓണക്കാലം രോഗവ്യാപനത്തിന് ഇടയാക്കാതെ  'ആരോഗ്യത്തോടെ ഓണം'' എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ബോധവൽകരണ പരിപാടി സംഘടിപ്പിക്കും.ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി,  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.