സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Sep 10, 2026, 21:37 IST
കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം.ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തിൽ പ്രസാദിന്റെയും (ബഹ്റൈൻ) കണ്ണമംഗലം സൗത്ത് ഗവൺമെന്റ് യുപി സ്കൂൾ അധ്യാപിക ശശികലയുടെയും മകൻ പി പരമേശ്വർ (18) ആണ് മരിച്ചത്. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.
ബുധനാഴ്ച രാവിലെ 8.20-ന് ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് വടക്കുഭാഗത്തുവെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. കോളേജിലേക്ക് പോകുന്നതിനായി പരമേശ്വർ സ്‌കൂട്ടറിൽ ചെട്ടികുളങ്ങരയിൽനിന്ന് വടക്കോട്ട് സഞ്ചരിക്കുമ്പോൾ കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.