വിവരാവകാശ അപേക്ഷയിൽ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നൽകണം : മുഖ്യ വിവരാകാശ കമ്മീഷണർ വി ഹരി നായർ

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ (എസ് പി ഐ ഒ) വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരി നായർ. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിവരാവകാശ നിയമത്തെ ആസ്പദമാക്കി ഉദ്യോഗസ്ഥർക്കായി തിരുവല്ല മാർത്തോമാ കോളജിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത്

 

പത്തനംതിട്ട : സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ (എസ് പി ഐ ഒ) വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരി നായർ. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിവരാവകാശ നിയമത്തെ ആസ്പദമാക്കി ഉദ്യോഗസ്ഥർക്കായി തിരുവല്ല മാർത്തോമാ കോളജിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ലഭിക്കുക എന്നുള്ളത് ഒരു പൗരന്റെ  ഭരണഘടനാപരമായ  മൗലികാവകാശവും മനുഷ്യാവകാശവുമാണ്. ഉദ്യോഗസ്ഥർ സന്തോഷത്തോടെയും അഭിമാനത്തോടെയും ചുമതല നിർവഹിക്കണം.
 വിവരം നൽകാൻ 30 ദിവസം പരമാവധി സമയം ഉണ്ടെങ്കിലും സ്വാതന്ത്ര്യത്തെയും ജീവനെയും ബാധിക്കുന്ന വിഷയങ്ങളിൽ 48 മണിക്കൂറിനകവും മറ്റൊരു പൊതുഅധികാര സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള വിവരമാണെങ്കിലും മൂന്നാം കക്ഷി വിവരവുമായി ബന്ധപ്പെട്ടതാണെങ്കിലും അഞ്ച് ദിവസത്തിനകവും നടപടി സ്വീകരിക്കണമെന്ന് കമ്മീഷണർ ഓർമിപ്പിച്ചു. അപേക്ഷകളിൽ മനപ്പൂർവ്വമല്ലാതെ വരുന്ന വീഴ്ചകളിൽ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമത്തിൽ പരിജ്ഞാനം നൽകാൻ 2025-ൽ ആരംഭിച്ച ബോധവൽക്കരണ യജ്ഞം അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്ത് ഏഴ് മണ്ഡലങ്ങളിൽ കൂടി പരിശീലനം കഴിയുമ്പോൾ ഇത് പൂർത്തിയാകും. ഉദ്യോഗസ്ഥർക്ക് മാത്രമല്ല, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കണമെന്ന ഉദ്ദേശത്തോടെ അട്ടപ്പാടി, വയനാട്, കുളത്തൂപ്പുഴയിലെ അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ വിജയകരമായി നടത്തി.
 മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ കമ്മീഷനിൽ ലഭിക്കുന്ന അപ്പീലുകളുടെ എണ്ണം വളരെ കുറവാണ്. താഴെത്തട്ടിൽ ഉദ്യോഗസ്ഥർ കൃത്യതയോടെ ജോലി ചെയ്യുന്നതാണ് കേരളത്തിൽ അപ്പീലുകൾ കുറവാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
 വിവരാവകാശ നിയമത്തിലെ സെക്ഷനുകൾ, വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യേണ്ട രീതി, നിയമത്തിലെ വ്യവസ്ഥകൾ, ഉദ്യോഗസ്ഥർ പാലിക്കേണ്ട നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

 സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ അധ്യക്ഷനായി. വിവരാവകാശ കമ്മീഷണർമാരായ ഡോ. എം ശ്രീകുമാർ, ഡോ. സോണിച്ചൻ പി. ജോസഫ് എന്നിവർ വിവരാവകാശ നിയമം സംബന്ധിച്ച് വിഷയാവതരണം നടത്തി. വിവരാവകാശ കമ്മീഷൻ റിസോഴ്‌സ് പേഴ്‌സൺ കെ. പ്രസാദ് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി. വിവരാവകാശ കമ്മീഷൻ സെക്രട്ടറി എം എസ് ഷീന, തിരുവല്ല മാർത്തോമാ കോളജ് പ്രിൻസിപ്പൽ ഡോ. ടി കെ മാത്യു വർക്കി, പ്രൊഫസർ റെനോഷ് ടോം വർഗീസ്, അസിസ്റ്റന്റ് പ്രൊഫസർ റെയ്‌സൺ സാം രാജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.