ചക്കുളത്തുകാവ് പൊങ്കാല : വാഹന പാർക്കിങ്ങിന്  ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് വർഗീസ് മാമൻ എംഎൽഎ

 

പത്തനംതിട്ട : നവംബർ 24 നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയ്ക്ക്  പാക്കിംഗ് ഗ്രൗണ്ടുകൾ മുൻകൂട്ടി കണ്ടെത്തി സജ്ജമാക്കണമെന്ന് വർഗീസ് മാമൻ എംഎൽഎ. പൊങ്കാലയുമായി ബന്ധപ്പെട്ട്  കളക്ടറേറ്റ് ഗവി ഹാളിൽ ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിലാണ് എംഎൽഎ നിർദേശം നൽകിയത്. ക്ഷേത്രം ഭാരവാഹികൾ പോലീസുമായി ചർച്ച ചെയ്ത് പാർക്കിങ്ങിന് പരമാവധി ഇടങ്ങൾ കണ്ടെത്തണം. ട്രാവലർ, ബസ് പോലെയുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകണമെന്നും   എംഎൽഎ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് വിന്യാസം. 

വിവിധ സെക്ടറുകളായി 150 ഓളം പോലീസുകാരെ നിയോഗിക്കും. ഓരോ സെക്ടറിന്റെയും ചുമതല ഒരു സി ഐ ക്ക് നൽകും. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം ഉറപ്പാക്കണം. താൽക്കാലി ടാപ്പുകൾ, ടാങ്കറിൽ വെള്ളം എന്നിവ സജ്ജമാക്കണം. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ട്രിപ്പുകൾ ഉൾപ്പെടെ 40 അധിക സർവീസുകൾ ക്രമീകരിക്കും. കെ എസ് ഈ ബി തടസമില്ലാതെ വൈദ്യുതി ലഭ്യതയും പൊങ്കാല നടക്കുന്ന പ്രധാന സ്ഥലങ്ങളിൽ തെരുവ് വിളക്കുകകളും ഉറപ്പാക്കണം. ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ ക്രമീകരിക്കും. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ് പ്രത്യേക പരിശോധന നടത്തണം.
ക്ഷേത്ര പരിസരത്ത് ആരോഗ്യവകുപ്പിന്റെ സംഘം ഉണ്ടാകണം. ഇവിടെയും സമീപപ്രദേശങ്ങളിലും ആംബുലൻസ് സേവനം ഉറപ്പാക്കണം. തിരുവല്ല സബ് കളക്ടർ വകുപ്പുകളുടെ ഏകോപന ചുമതല നിർവഹിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.

പൊങ്കാല ദിവസവും തലേന്നും ആവശ്യത്തിന് ബയോ ടോയ്‌ലറ്റുകൾ സജ്ജമാക്കണമെന്ന് ജില്ലാ കളക്ടർ എ നിസാമുദ്ദീൻ   പറഞ്ഞു. ഉത്സവ ഭാരവാഹികൾ ഇക്കാര്യം ശ്രദ്ധിക്കണം. ഉത്സവത്തിന് മുന്നോടിയായി സുരക്ഷ ഓഡിറ്റ് നടത്തണം.  ചാത്തങ്കരി ആരോഗ്യകേന്ദ്രം ബേസ് ക്യാമ്പ്  ആയി പ്രവർത്തിക്കണം.  സിവിൽ ഡിഫെൻസ് വോളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തണം.
നവംബർ 20ന് തിരുവല്ല സബ് കളക്ടറുടെ നേതൃത്വത്തിൽ  പ്രാദേശിക യോഗം ചേർന്ന് അവസാനഘട്ട  ക്രമീകരണങ്ങൾ വിലയിരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, തിരുവല്ല നഗരസഭ ചെയർപേഴ്‌സൺ എസ് ലേഖ,  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രൻ, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.