ആയുഷ് മേഖലയിൽ നിരവധി പദ്ധതി നടപ്പാക്കി : മന്ത്രി വീണാ ജോർജ്

ആയുഷ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതി  നടപ്പാക്കിയതായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.  അടൂർ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

 

പത്തനംതിട്ട : ആയുഷ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതി  നടപ്പാക്കിയതായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.  അടൂർ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

ആയുഷ് മേഖലയിൽ 252 തസ്തിക സൃഷ്ടിച്ചു. 200 കോടി രൂപ ചെലവഴിച്ച് രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം സാധ്യമാക്കി. ഉടുമ്പൻ ചോലയിൽ പുതിയ ആയുർവേദ കോളജ് ആരംഭിച്ചു. 250 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രെഡിറ്റേഷൻ ലഭിച്ചു.  ആയുഷ് മേഖലയിൽ പാരാമെഡിക്കൽ കോഴ്‌സുകൾ നവീകരിച്ച് പുതിയ മോഡ്യൂളുകളും സിലബസും തയ്യാറാക്കി. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്‌കരണവും  പരിഗണിച്ച് 132 ആയുഷ് സ്ഥാപനങ്ങൾക്ക് കായകൽപ അവാർഡ്  നൽകി. 10000 ത്തിൽ അധികം ആയുഷ് യോഗ ക്ലബ് സ്ഥാപിച്ചു. പത്തനംതിട്ടയിൽ ഇന്റഗ്രേറ്റഡ് ഹോസ്പിറ്റൽ നിർമാണം ആരംഭിച്ചു.  തിരുവനന്തപുരം അരുവിക്കര സർക്കാർ ആയുർവേദ ആശുപത്രി, തുരുത്തിക്കര സർക്കാർ ആയുർവേദ ഡിസ്‌പെൻസറി , വാവക്കാട് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി , കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രി,  അത്തോളി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി , പടിയൂട്ടുചാൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി തുടങ്ങിയവയുടെ  നിർമാണം പൂർത്തിയാക്കി.

 ചെറുവട്ടൂർ സർക്കാർ ആയുർവേദ ആശുപത്രി, നായരമ്പലം ഹോമിയോപ്പതി ഡിസ്‌പെൻസറി, അന്തിക്കാട്  സർക്കാർ ആയുർവേദ ആശുപത്രി, കിള്ളനല്ലൂർ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി തുടങ്ങിയവയുടെ നിർമാണം ആരംഭിക്കാനൊരുങ്ങുന്നു. പാരമ്പര്യ വൈദ്യശാസ്ത്ര മേഖല സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന തലത്തിൽ 11 ആയുഷ് ആശുപത്രികളിലെ നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും  നിർമാണം പൂർത്തിയാക്കിയ 14 ആയുഷ് ആശുപത്രികളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു.

അടൂർ മണ്ഡലത്തിൽ 3000 കോടി രൂപയുടെ പശ്ചാത്തല വികസനം സാധ്യമാക്കിയതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പാക്കിയത്.  ഏറത്ത് ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിക്ക് 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ജില്ലയിലെ എല്ലാ താലൂക്കിലും അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ജില്ല മെഡിക്കൽ ഓഫീസർ ( ഹോമിയോപ്പതി) ഇൻ ചാർജ് ഡോ. വി സി സംഗീത റിപ്പോർട്ട് അവതരിപ്പിച്ചു. നാഷണൽ ആയുഷ് മിഷൻ ഫണ്ടിൽ  7.5 കോടി രൂപ വിനിയോഗിച്ചാണ് 10  കിടക്കകളോടുകൂടിയ അടൂർ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രി നിർമിക്കുന്നത്.
 ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകൻ,  ജില്ലാ പഞ്ചായത്ത് അംഗം  വൈഷ്ണവി ശൈലേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി ഡി സജി, ശോഭന കുഞ്ഞുകുഞ്ഞ്,  ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്   ആർ അജികുമാർ, സ്ഥിരം സമിതി അധ്യക്ഷരായ റോസമ്മ ഡാനിയൽ,  റിനോ പി രാജൻ, പി വിജയമ്മാൾ, ശ്രീലേഖ, അംഗങ്ങളായ എം സി രാജു, ആർ ശ്രീജ കുമാരി, സുസൻ ശശികുമാർ, ജെ ഷൈലേന്ദ്രനാഥ്, ഡി അജയകുമാർ, മഞ്ജുഷ സുനിൽ, സനിത റോബിൻ, ജയലക്ഷ്മി, അനിതാകുമാരി, ഡി അജിത് കുമാർ, കെ ഗീത, സി ഡി എസ് ചെയർപേഴ്‌സൺ എ സ്വപ്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റോഷൻ ജേക്കബ്, അഡ്വ. ഡി. രാജീവ്, രാജേഷ് മണക്കാല, രാജൻ സുലൈമാൻ, ലിജോ ജോൺ, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ മിനി, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ. എസ് അഖില, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ  തുടങ്ങിയവർ പങ്കെടുത്തു.