ആരോഗ്യമുള്ള പുതുതലമുറ ലക്ഷ്യം: ആന്റോ ആന്റണി എം. പി
ആരോഗ്യമുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ കടമയെന്ന് ആന്റോ ആന്റണി എം പി. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സമ്പൂർണമായ വിലയിരുത്തൽ നടത്തിയാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്
പത്തനംതിട്ട :ആരോഗ്യമുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ കടമയെന്ന് ആന്റോ ആന്റണി എം പി. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സമ്പൂർണമായ വിലയിരുത്തൽ നടത്തിയാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. കുട്ടികൾക്ക് സമയോചിതമായി ആരോഗ്യ പരിശോധന നടത്തുകയും പോഷകാഹാര ലഭ്യത ഉറപ്പാക്കുകയും ചെയ്യും. വനിത ശിശു വികസനം, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്ത് തുടക്കം കുറിച്ച ബാല്യസ്പന്ദനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു എം പി. 'ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി' എന്നതാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ രാമചന്ദ്രൻ നായർ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ് പദ്ധതി വിശദീകരണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി.കെ ശശി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജയ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി ഷിജു പി കുരുവിള, കെ.വി രശ്മിമോൾ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസർ നീതാ ദാസ്, ആരോഗ്യ വകുപ്പ് ജില്ല ആർ. സി. എച്ച് ഓഫീസർ ഡോ. കെ. കെ ശ്യാംകുമാർ, കാഞ്ഞീറ്റുകാര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ രജനി കൃഷ്ണൻ നായർ, എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജിജോ മാത്യു, ഡെപ്യൂട്ടി എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ ആർ ദീപ, ആർ ബി എസ് കെ കോർഡിനേറ്റർ ജിഷ സാരു തോമസ്, കോയിപ്രം ബ്ലോക്ക് സി. ഡി. പി. ഒ എം. നിള, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ ആരോഗ്യ പരിശോധന എന്നിവയും സംഘടിപ്പിച്ചു.