ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന് പത്തനംതിട്ടയിൽ തുടക്കം
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ഉയർത്തുന്ന ആരോഗ്യഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ പത്തനംതിട്ട
പത്തനംതിട്ട : ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ഉയർത്തുന്ന ആരോഗ്യഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പോസ്റ്റർ പ്രകാശനവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.കെ. രാമചന്ദ്രൻ നായർ നിർവഹിച്ചു. ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ് അധ്യക്ഷത വഹിച്ചു.
ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നത് ലോകം നേരിടുന്ന പ്രധാന ആരോഗ്യവെല്ലുവിളികളിലൊന്നാണ്. ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും നിർദേശിച്ച അളവിലും കാലയളവിലും മരുന്നുകൾ കഴിക്കാതിരിക്കുന്നതും ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വർധിക്കാൻ കാരണമാകുന്നു. നവംബർ 18 മുതൽ 24 വരെയാണ് ആന്റിമൈക്രോബിയൽ പ്രതിരോധ ബോധവൽക്കരണ വാരമായി ആചരിക്കുന്നത്.
കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. ലക്ഷ്മി ബാലരാമൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മാത്യു ജെ. വളാംപറമ്പിൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെനി സൂസൻ മാത്യു, ശരണ്യ വിജയൻ, ഉണ്ണികൃഷ്ണൻ നായർ, ജോൺ ചാണ്ടി, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ ആർ. ദീപ, എം.പി. ബിജുകുമാർ, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മഞ്ജിമ പൗലോസ് എന്നിവർ പങ്കെടുത്തു.
ആന്റിബയോട്ടിക്കുകളുടെ ശാസ്ത്രീയവും ഉത്തരവാദിത്തപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിന്റെ ഭീഷണിയെക്കുറിച്ച് പൊതുജനങ്ങൾ, വിദ്യാർഥികൾ, ആരോഗ്യപ്രവർത്തകർ എന്നിവരിൽ അവബോധം ശക്തിപ്പെടുത്തുന്നതിനുമായി പൊയ്യാനിൽ നഴ്സിംഗ് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു.
പൊതുജനങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
§ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം അമിത ഉപയോഗം സ്വയം ചികിത്സ എന്നിവ അരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കുക.
§ ബാക്ടീരിയ മൂലമുള്ള ചില രോഗങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ ആവശ്യമുള്ളൂ. പനി ചുമ ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങൾ ഭൂരിഭാഗവും വൈറസുകൾ മൂലമാണ് അവ ഭേദമാക്കാൻ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.
§ ആന്റിബയോട്ടിക് മരുന്നുകൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കും.
§ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കണം എന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
§ ചികിത്സയ്ക്കുശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് വീണ്ടും ഉപയോഗിക്കരുത്.
§ അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്ക് മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. അവ സമീപത്തെ സർക്കാർ ആശുപത്രിക്കോ ഫാർമസിക്കോ കൈമാറുക.
§ ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ പൂർണമായും കൃത്യമായും കഴിക്കുക. രോഗലക്ഷണങ്ങൾ കുറഞ്ഞുവെന്ന് കാരണത്താൽ അവ ഇടയ്ക്ക് വച്ച് നിർത്തരുത്.
§ ഡോക്ടർ നിങ്ങൾക്ക് നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. മറ്റുള്ളവർക്ക് നിർദ്ദേശിച്ച മരുന്നുകൾ വാങ്ങി കഴിക്കുകയുമരുത്.
§ കോഴി വളർത്തലിലും കന്നുകാലി വളർത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകൾ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കോഴികളുടെ വളർച്ച കൂട്ടാനായി ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്.
§ ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും ഉത്തമം അണുബാധകൾ തടയുകയാണ്. അതിനായി അടിക്കടി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. ലഭ്യമായ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുക. രോഗികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക.