കണ്ണൂരിലെ ദുരിതബാധിത പ്രദേശങ്ങളില്‍  രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം: മാര്‍ട്ടിന്‍ ജോര്‍ജ്
 

 

 
പേരാവൂര്‍: പ്രകൃതി ക്ഷോഭത്തില്‍ സമാനതകളില്ലാത്ത നാശ നഷ്ടം ഉണ്ടായ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.  

മലയോര മേഖലയില്‍ സ്ഥിതി അതീവ ഗുരുതരം ആണ്. കോടികളുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റോഡുകള്‍ തകര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.  കനത്ത മഴ തുടര്‍ന്നാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സമാനമായ അവസ്ഥ ഉണ്ടാകും. ഉരുള്‍ പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കണം. 

ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായം സര്‍ക്കാര്‍ അനുവദിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്നും പകര്‍ച്ച വ്യാധികള്‍ തടയാന്‍ മതിയായ നടപടി സ്വീകരിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ദുരിത ബാധിതര്‍ക്കു സഹായവുമായി രംഗത്തുണ്ടാകണമെന്ന് ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു. 

ഉരുള്‍ പൊട്ടല്‍ നാശം വിതച്ച  കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി,നെടുംപുറം ചാല്‍ ,കേളകം പഞ്ചായത്തിലെ 
വെള്ളൂന്നി,പേരാവൂര്‍ പഞ്ചായത്തിലെ തൊണ്ടിയില്‍,മരിയ ഭവന്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ  ക്യാംപുകളിലും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.