കണ്ണൂർ ജില്ലയിലെ അപകടസാധ്യത മേഖലകളിലുള്ളവരെ മാറ്റിപാര്‍പ്പിക്കും: മന്ത്രി  എം വി ഗോവിന്ദന്‍  മാസ്റ്റർ

 

 കണ്ണൂര്‍:ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി പിഞ്ചുകുഞ്ഞടക്കം മൂന്നു പേര്‍ മരിച്ച സാഹചര്യത്തില്‍ അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. 

ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, എല്ലാ കരിങ്കല്‍ ക്വാറികളുടെയും ചെങ്കല്‍ ക്വാറികളുടെയും പ്രവര്‍ത്തനം ആഗസ്ത് ഏഴ് ഞായറാഴ്ച വരെ നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച ദുരന്തമേഖലകളിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി നിര്‍ദേശം നല്‍കി.സന്ദര്‍ശക പ്രവാഹം അപകട സാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവര്‍ത്തനത്തേയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നുണ്ട്. 

വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ ആവശ്യമെങ്കില്‍ സാമൂഹ്യ അടുക്കള ഒരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കനത്ത മഴയില്‍ ഒറ്റപ്പെടുന്ന ആദിവാസി കോളനികള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ആവശ്യത്തിന് ഭക്ഷണവും മറ്റും എത്തിക്കാനും പട്ടിക വര്‍ഗ വികസന വകുപ്പിനും റവന്യു വകുപ്പിനും നിര്‍ദേശം നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗപ്പെടുത്താന്‍ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ സജ്ജമാക്കി നിര്‍ത്തണം.

 കണ്‍ട്രോള്‍ റൂം സംവിധാനവും ഒരുക്കണം.നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കി ധനസഹായം ലഭ്യമാക്കാന്‍ പ്രത്യേക റവന്യു സംഘങ്ങളെ നിയോഗിക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.