കണ്ണൂരിലെ അക്രമം:  കോണ്‍ഗ്രസ് ഉപവാസം നടത്തും വി. എം സുധീരന്‍ പങ്കെടുക്കും

 

 കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന് തിരിച്ചടിയായി ജില്ലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള  അക്രമത്തിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിരോധം ശക്തമാക്കി. ഭരിക്കുന്ന പാര്‍ട്ടി ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍, വി. എം സുധീരന്‍, തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി കണ്ണൂരില്‍ നടത്തുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തും.

പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി 15ന് നടത്തുന്ന ഉപവാസ സമരത്തിലാണ് സുധീരന്‍ പങ്കെടുക്കുക. രാവിലെ ഒന്‍പതരയ്ക്ക് ുടങ്ങുന്ന ഉപവാസ സമരം വൈകുന്നേരം മൂന്നിന് സമാപിക്കും. സുധീരന്‍ പരിപാടിയില്‍പ്രസംഗിക്കും. 
 ഇതിനിടെ കണ്ണൂര്‍ ഡി.സി.സി ഓഫിസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

 ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ സതീശന്‍ പാച്ചേനി, പി.ടി മാത്യു എന്‍.പി ശ്രീധരന്‍, അഡ്വ.റഷീദ് കവ്വായി, സുരേഷ്ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍ , സി.ടി ഗിരിജ, കെ.സി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.