കേരളത്തിലെ സാമ്പത്തികത്തട്ടിപ്പുകള്‍ കേന്ദ്രഏജന്‍സി അന്വേഷിക്കണം: എന്‍. ഹരിദാസ്

 

കണ്ണൂര്‍: സംസ്ഥാനത്തിന്റെ വവിധ ഭാഗങ്ങളില്‍ നടക്കുന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്ഥാവനയില്‍ പറഞ്ഞു. കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ ഓരോ ദിവസവും പുതിയ തട്ടിപ്പുകള്‍  പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ലോക്കല്‍ പോലീസോ ക്രൈംബ്രാഞ്ചോ അന്വഷിച്ചാല്‍ കേരളത്തെ ഞെട്ടിച്ച സാമ്പത്തികത്തട്ടിപ്പിന്റെ യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരാനാവില്ല. 

സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഒരു പരിധിക്കപ്പുറം പോകാതിരിക്കാന്‍ ഇപ്പോഴുള്ള അന്വേഷണ സംഘങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി സംശയിക്കാതിരിക്കാനാവില്ല. കണ്ണൂര്‍ ജില്ലയിലെ അര്‍ബന്‍ നിധി തട്ടിപുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പാക് ബന്ധമുണ്ടെന്ന കണ്ടെത്തല്‍ ഗൗരവമായി കാണണം.  
ഒരു മാനദണ്ഡവുമില്ലാതെ പുതിയ കമ്പനികള്‍ രൂപീകരിച്ച് ജനങ്ങളുടെ കയ്യില്‍ നിന്ന് കോടികള്‍ വാങ്ങി വിവിധ സംരംഭങ്ങളാരംഭിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഉയര്‍ന്ന പലിശയും തൊഴിലും വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പു സംഘം അവരുടെ കമ്പനികളിലേക്ക് ആകര്‍ഷിക്കുന്നത്.

 നിരന്തരമായി ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടും ജനങ്ങള്‍ അതില്‍ നിന്ന് പാഠം പഠിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു മാനദണ്ഡവും പാലിക്കാതെയാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. സുതാര്യതയില്ലാതെയാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന പലിശ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമായിട്ടും നിക്ഷേപകര്‍ പണം നിക്ഷേപിക്കുകയാണ്.
ജനങ്ങളുടെ പണമുപയോഗിച്ച് സംരംഭങ്ങള്‍ തുടങ്ങുന്നതോടൊപ്പം കമ്പനി ഉയമകള്‍ ആഡംബര ജീവിതം നയിക്കുയാണ്. കൂണുപോലെ പുതിയ കമ്പനികള്‍ ഉയര്‍ന്ന് വരികയാണ്. 

കേരളത്തിനകത്തുള്ളവര്‍ മാത്രമല്ല പുറത്തുള്ളവരും നമ്മുടെ സംസ്ഥാനത്ത് നിര്‍ബാധം ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിലാരംഭിക്കുകയാണ്. തട്ടിപ്പുകാരുടെ വിളനിലമായി കേരളം മാറിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ഏജന്‍സികളുടെ  സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.