വന്യമൃഗളുടെ വംശ വര്‍ദ്ധന പരിശോധിക്കണം ; സര്‍വ്വ കക്ഷി യോഗം

 

വന്യമൃഗ ശല്യം നിരന്തരമായി ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്  ഉണ്ടായിട്ടുണ്ടെയെന്ന് പരിശോധിക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അവശ്യപ്പെട്ടു. ജില്ലയില്‍ മുമ്പില്ലാത്ത വിധത്തില്‍ വന്യജീവികളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. 

ജനങ്ങളുടെ ജീവനും  സ്വത്തിനും  സംരക്ഷണ ഒരുക്കുന്നതിനോടൊപ്പം ഭീതി അകറ്റുന്നതിനുളള ശ്വാശത നടപടികളുണ്ടാകണം. ഏതെങ്കിലും പ്രദേശത്ത്  വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന മുറയ്ക്ക് അവയെ പിടികൂടുന്നതിനുളള നടപടികള്‍ വേഗത്തിലാക്കണം. കൂടുകള്‍ സ്ഥാപിക്കുന്നത് അടക്കമുളള  നടപടിക്രമങ്ങകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ അനുമതി ലഭ്യമാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

വന്യജിവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനുളള പ്രതിരോധ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുളള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. കൂടുതല്‍ പ്രദേശങ്ങളില്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുളള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണം. ഇതിനായി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണം. പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണം. നഷ്ടപരിഹാര തുക കാലികമായി വര്‍ദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികള്‍ ഉന്നയിച്ചു.
  
വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാന്‍ കെ.എഫ്.ആര്‍.ഐ യെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലായി വന്യജീവി ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. വംശ വര്‍ദ്ധനവ്, ആവാസ വ്യവസ്ഥയിലെ മാറ്റം, കാട്ടിനകത്തെ ഭക്ഷണ ലഭ്യത കുറവ് തുടങ്ങിയ  വിഷയങ്ങള്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നു. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തുരുത്തുന്ന നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ  എല്ലാ പിന്തുണയും രാഷ്ട്രീയ നേതൃത്വം നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സുഗമമായ നടപടികള്‍ക്ക് പ്രാദേശിക സഹകരണം ആവശ്യമാണെന്നും അദ്ദേഹം  പറഞ്ഞു. 

യോഗത്തില്‍  പി.ഗഗാറിന്‍, എന്‍.ഡി അപ്പച്ചന്‍, ഇ.ജെ ബാബു, സി.കെ ശശീന്ദ്രന്‍, കെ.ജെ ദേവസ്യ, കെ.എല്‍ പൗലോസ്, കെ.കെ ഹംസ, കെ.വിശ്വനാഥന്‍, എന്‍. പി. രഞ്ജിത്ത്, സണ്ണി മാത്യൂ, പി.പി ആലി, ഏച്ചോം ഗോപി, ഷാജി ചെറിയാന്‍, കെ. സജിത്ത് കുമാര്‍, കെ.വി മാത്യൂ, സി.എം ശിവരാമന്‍, എ.ടി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.