മൊറാഴയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങി ഉന്നത നേതൃത്വം;  അംഗങ്ങൾ ബഹിഷ്ക്കരിച്ച ബ്രാഞ്ച് സമ്മേളനം ലോക്കൽ സമ്മേളനത്തിന് ശേഷം ചേരും; നാണക്കേടിൻ്റെ പടുകുഴിയിൽ സി.പി.എം

ആന്തൂരെന്ന കമ്യുണിസ്റ്റ് കോട്ടയിലെ ചുവന്ന ഗ്രാമമായ മൊറാഴയിൽ പാർട്ടി ബ്രാഞ്ച് സമ്മേളനം മെമ്പർമാർ ബഹിഷ്കരിച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നാടായ മൊറാഴയില്‍ അംഗങ്ങള്‍ ബഹിഷ്‌കരിച്ച ബ്രാഞ്ച് സമ്മേളനം വീണ്ടും നടത്താനുള്ള സാധ്യത അനിശ്ചിതമായി നീളുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
 

കണ്ണൂര്‍: ആന്തൂരെന്ന കമ്യുണിസ്റ്റ് കോട്ടയിലെ ചുവന്ന ഗ്രാമമായ മൊറാഴയിൽ പാർട്ടി ബ്രാഞ്ച് സമ്മേളനം മെമ്പർമാർ ബഹിഷ്കരിച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നാടായ മൊറാഴയില്‍ അംഗങ്ങള്‍ ബഹിഷ്‌കരിച്ച ബ്രാഞ്ച് സമ്മേളനം വീണ്ടും നടത്താനുള്ള സാധ്യത അനിശ്ചിതമായി നീളുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെയും കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെയും നാടായ മൊറാഴയില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി അംഗങ്ങള്‍ സമ്മേളനം ബഹിഷ്‌കരിച്ചത് സി.പി എം ജില്ലാ നേതൃത്വത്തെ  ഞെട്ടിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ മൊറാഴ ലോക്കല്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് പാര്‍ട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും അനുനയ നീക്കങ്ങളുമായി രംഗത്തുവന്നത്.

Also read: ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുന്നത് അന്‍വറിന്റെ ആരോപണങ്ങള്‍; മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം ശക്തമാകുന്നു; പാര്‍ട്ടിക്കുളളില്‍ ശുദ്ധികലശം വേണമെന്ന് അണികള്‍ 

നിലവിലെ സാഹചര്യത്തില്‍ മറ്റു ബ്രാഞ്ച് സമ്മേളനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി മോറാഴ ലോക്കല്‍ സമ്മേളനവും കഴിഞ്ഞതിനു ശേഷം മുടങ്ങിയ ബ്രാഞ്ച് സമ്മേളനം നടത്താനാണ് നേതൃത്വത്തിൻ്റെ തീരുമാനം. അതേസമയം സി.പി.എമ്മിനെപ്പോലെ അച്ചടക്കവും സംഘടനാബോധവുമുള്ള ഒരു പ്രസ്ഥാനത്തിന്റെ ബ്രാഞ്ച് സമ്മേളനം രാഷ്ട്രീയേതരമായ കാരണത്താൽ മുടങ്ങിയത്
കേട്ടുകേൾവിയില്ലാത്ത വിഷയമാണ്. 

ദേവര്‍കുന്ന് അങ്കണവാടിയിലെ വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും എതിരേ പരാതി ഉയർന്നപ്പോൾ പരിഹാരമെന്ന നിലയില്‍ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിന് രാഷ്ട്രീയ മാനം കൈവന്നതിൽ യാതൊരു വിശദീകരണവും ഇതുവരെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടില്ല. പ്രാദേശിക വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്ന ലോക്കല്‍ സെക്രട്ടറിക്കെതിരേ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്.