അകത്തോ പുറത്തോ ? പരസ്യ വിമർശനം നടത്തിയ സി.കെ പിക്കെതിരെ പാർട്ടി നടപടിക്ക് സാധ്യതയേറി

കണ്ണൂർ : സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ തളിപ്പറമ്പ് മണ്ഡലം എം.എൽ.എയുമായ സി.കെ.പി പത്മനാഭൻ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം. മുൻ ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസിന് ശേഷം ഗുരുതര ആരോപണങ്ങളുമായി മറ്റൊരു നേതാവ് കൂടി മാധ്യമങ്ങൾക്കു മുൻപിൽ പരസ്യമായി രംഗത്തുവന്നത് സി.പി.എം അണികളിലും ചർച്ചയായിട്ടുണ്ട്. 

നിലവിൽ സി.കെ.പി മാടായി ഏരിയാ കമ്മിറ്റി അംഗമായതിനാൽ വിഷയത്തെ കുറിച്ചു പാർട്ടി യുടെ സംഘടനാരീതിയനുസരിച്ച് പുറത്ത് പ്രതികരിക്കാൻ തയ്യാറാകാൻ സാധ്യത കുറവാണ് എന്നാൽ തന്നെ രോഗിയാക്കിയത് പാർട്ടി അച്ചടക്ക നടപടിയെടുത്തതു കാരണമാണെന്നും പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നുമുള്ള സി.കെ. പി യുടെ പ്രതികരണം പാർട്ടി സംസ്ഥാന നേതൃത്വത്തിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണെന്നും അതിൽ താൻ സന്തോഷിക്കുന്നു വെന്ന സി.കെ.പിയുടെ തുറന്നു പറച്ചിൽ നേതാക്കളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. 

പാർട്ടി അന്വേഷണം നടത്തി കുറ്റവിമുക്തനാക്കിയ പി.ശശിക്കെതിരെയുള്ള ആരോപണം തള്ളിക്കളയാൻ കഴിയില്ലെന്ന സി.കെ. പിയുടെ അഭിപ്രായ പ്രകടനം പാർട്ടി തീരുമാനം അംഗീകരിക്കാത്തതിൻ്റെ തെളിവാണെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിൻ്റെ ക്ഷീണം മറയ്ക്കാൻ തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കി വരുന്നതിനിടെയാണ് മുൻ സംസ്ഥാന കമ്മിറ്റിയംഗം തന്നെ തനിക്ക് നീതി കിട്ടിയില്ലെന്ന പരാതിയുമായി പരസ്യമായി രംഗത്തുവന്നത്. പാർട്ടി അംഗത്തിന് പോലും പരസ്യമായി പ്രതികരിക്കാൻ അനുമതി നൽകാത്ത പാർട്ടിയാണ് സി.പി.എം. ഈ സാഹചര്യത്തിൽ മാടായി ഏരിയാ കമ്മിറ്റി അംഗമായ സി.കെ.പി പാർട്ടിക്കെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തുന്നത്.

 അതു കൊണ്ടു തന്നെ അച്ചടക്കനടപടി അനിവാര്യമാണെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. മാടായി ഏരിയാ കമ്മിറ്റി യോഗം അടിയന്തിരമായിവിളിച്ചു ഈ കാര്യം ചർച്ച ചെയ്യുമെന്നാണ് സി.പി.എമ്മിൽ നിന്നും ലഭിക്കുന്ന വിവരം പുകഞ്ഞ കൊള്ളിയായ സി.കെ. പി അകത്തോ പുറത്തോയെന്ന കാര്യം അപ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ.

Also read മണപ്പുറം കവര്‍ച്ച, ധന്യ അതി സമര്‍ത്ഥയെന്ന് മുന്‍ സഹപ്രവര്‍ത്തകന്‍, അന്നേ പറഞ്ഞതാണ് മാറ്റണമെന്ന്, വൈറലായി ഒരു കുറിപ്പ്