അമ്മയുടെ അനിവാര്യമായ പതനം പുഴുക്കുത്തുകളേറ്റ്; വിമതസ്വരങ്ങൾക്കു മുൻപിൽ കീഴടങ്ങി മോഹൻലാലും സംഘവും

അനിവാര്യമായ പതനത്തിലേക്ക് താര സംഘടനയായ അമ്മയെ എത്തിച്ചത് സംഘടനയ്ക്കുള്ളിലെ പുഴുക്കുത്തുകൾ. ചലച്ചിത്ര മേഖലയിലെ പ്രമുഖരായ ഉർവശി, പൃഥിരാജ്, അമ്മ വൈസ് പ്രസിഡൻ്റ് ജഗദീഷ് എന്നിവരുടെ വിമർശനങ്ങൾ കൊണ്ടു പുളയുകയായിരുന്നു താരാസംഘടന.
 

കണ്ണൂർ: അനിവാര്യമായ പതനത്തിലേക്ക് താര സംഘടനയായ അമ്മയെ എത്തിച്ചത് സംഘടനയ്ക്കുള്ളിലെ പുഴുക്കുത്തുകൾ. ചലച്ചിത്ര മേഖലയിലെ പ്രമുഖരായ ഉർവശി, പൃഥിരാജ് അമ്മ വൈസ് പ്രസിഡൻ്റ് ജഗദീഷ് എന്നിവരുടെ വിമർശനങ്ങൾ കൊണ്ടു പുളയുകയായിരുന്നു താരാസംഘടന. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗികാരോപണവും അദ്ദേഹത്തിൻ്റെ രാജിയും കൂടിയായതോടെ പ്രസിഡൻ്റ് മോഹൻലാലിനും 17 അംഗ എക്സിക്യുട്ടീവ് അംഗങ്ങൾക്കും ഭരണസമിതി പിരിച്ചു വിടുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലാതെയായി.

എക്സിക്യൂട്ടീവ് അംഗങ്ങളുടെ രാജിക്കു പുറമേ അംഗങ്ങളിൽ ചിലർ രാജിക്കൊരുങ്ങിയിരിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുണ്ടായ അനുബന്ധ ആരോപണങ്ങളുമാണ് താരാ സംഘടനയായ അമ്മയെ പിടിച്ചുലച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെച്ച സിദ്ദിഖിന് പകരം ജോയൻ്റ് സെക്രട്ടറി ബാബുരാജിനെ കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും ബാബുരാജിനെതിരെ ജുനിയർ ആർടിസ്റ്റ് ലൈംഗിക ആരോപണം ഉന്നയിച്ചത് തിരിച്ചടിയായി. ബാബുരാജ് രാജിവയ്ക്കണമെന്ന ആവശ്യം അമ്മയിൽ നിന്നുതന്നെ ആവശ്യം ഉയർന്നിട്ടുണ്ട്.

Also read: മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് കലിപ്പ് തീര്‍ത്ത് സുരേഷ് ഗോപി, സൂപ്പര്‍താരത്തിനെതിരെ ലൈംഗിക ആരോപണം ഉണ്ടായേക്കുമെന്ന് സൂചന

മോഹൻലാൽ അമ്മ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചുവെന്നാണ് സൂചന. ഒപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ അതുഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി ഒഴിവാക്കാൻ സാധ്യതയുള്ളത്.. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടു മോഹൻലാൽ രാജിവയ്ക്കുമെന്ന് ഇപ്പോൾ ചെന്നെയിലുള്ള അദ്ദേഹം നൽകുന്ന സൂചന.

മോഹൻലാൽ ഉൾപ്പെടെയുള്ള 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചാൽ ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. അമ്മയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും.

Also read: ഐസിസി സംവിധാനത്തിന് രഹസ്യാത്മകതയില്ല; അതിജീവിതകളുടെ മൊഴികള്‍ ആരോപണ വിധേയര്‍ക്ക് ചോര്‍ത്തി നല്‍കുന്നു; ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ അമ്മയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. ഇതിന് ചില പ്രമുഖ താരങ്ങൾ പിൻതുണ നൽകിയതോടെയാണ് അനിവാര്യമായ പതനത്തിലേക്ക് അമ്മ കൂപ്പുകുത്തിയത്.