‘അച്ഛൻ ഇരുന്ന കസേരയിൽ മകൻ’; ജി കാർത്തികേയന്റെ ഓർമ്മയിൽ നിയമസഭ നിയന്ത്രിച്ച് കെ.എസ് ശബരീനാഥൻ

 

തിരുവനന്തപുരം: അച്ഛന്‍ ഇരുന്ന അതേ സ്പീക്കര്‍ കസേരയില്‍ ഇരുന്ന് മകന്‍ നിയമസഭ നിയന്ത്രിച്ച അപൂര്‍വ നിമിഷത്തിന് ബജറ്റ് സമ്മേളനം സാക്ഷ്യം വഹിച്ചു. നിയമസഭാ സ്പീക്കറായി ജി.കാര്‍ത്തികേയന്‍ സ്പീക്കറായി നാലു വര്‍ഷത്തോളം ഇരുന്ന കസേരയില്‍ ഇരുന്ന് മകന്‍ കെ.എസ്.ശബരീനാഥനാണ് നിയമസഭ നിയന്ത്രിച്ചത്. ഇന്നലെയാണു ചെയര്‍മാന്‍ പാനല്‍ അംഗമായി ശബരി സഭ നിയന്ത്രിച്ചത്.

2011 മുതല്‍ 2014 വരെയാണു സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെ.എസ് ശബരിനാഥന്‍ അരുവിക്കരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും ശബരി വിജയിച്ചു. നിയമസഭയിലെത്തി അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ശബരി ചെയര്‍മാന്‍ പാനല്‍ അംഗമാകുന്നത്.

അച്ഛന്‍ ഇരുന്ന സ്പീക്കര്‍ കസേരയില്‍ ഇരിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ശബരീനാഥന്നും ഫേസ്ബുക്കില്‍ വീഡിയോ പങ്കിവച്ചിട്ടുണ്ട്.

‘ഇന്നത്തെ നിയമസഭാ സമ്മേളനദിവസം എന്നും ഓര്‍മയിലുണ്ടാകും. എല്ലാ സെഷനിലും സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കുവാന്‍ മൂന്ന് അംഗങ്ങളുടെ ഒരു പാനല്‍ തയാറാക്കാറുണ്ട്. ഈ സെഷനില്‍ ഈ പാനലില്‍ ഞാനുമുണ്ട്. ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛന്‍ ഇരുന്ന കസേരയില്‍ ഇന്ന് ഇരുന്നപ്പോള്‍ മനസ്സിലേക്ക് ഒരുപിടി ഓര്‍മകള്‍ ഓടിയെത്തി. സ്പീക്കര്‍ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛന്‍ പറഞ്ഞ വാക്കുകള്‍ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാന്‍ കഴിഞ്ഞു’- ശബരി ഫേസ്ബുക്കില്‍ കുറിച്ചു.

The post ‘അച്ഛൻ ഇരുന്ന കസേരയിൽ മകൻ’; ജി കാർത്തികേയന്റെ ഓർമ്മയിൽ നിയമസഭ നിയന്ത്രിച്ച് കെ.എസ് ശബരീനാഥൻ first appeared on Keralaonlinenews.