ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നു; ബാലതാരമായിരിക്കുമ്പോള്‍ തനിക്കും ലൈംഗികോപദ്രവം നേരിടേണ്ടി വന്നു; കുട്ടി പത്മിനി

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ താരങ്ങൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നടിയും സീരിയില്‍ നിര്‍മാതാവുമായ കുട്ടി പത്മിനിയും താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.
 

ചെന്നൈ: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ താരങ്ങൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നടിയും സീരിയില്‍ നിര്‍മാതാവുമായ കുട്ടി പത്മിനിയും താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ബാലതാരമായിരിക്കുമ്പോള്‍ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുട്ടി പത്മിനി പറയുന്നത്. അന്ന് തന്റെ അമ്മ പ്രശ്‌നമുയര്‍ത്തിയപ്പോള്‍ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും പുറത്താക്കിയെന്നും അവർ ആരോപിച്ചു. 

തമിഴിലെ ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നുണ്ടെന്നും ലൈംഗികോപദ്രവം കാരണം നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം തമിഴ് സിനിമയിലെ ലൈംഗികോപദ്രവ ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതികള്‍ ഉണ്ടാകുന്നില്ലെന്നും പത്മിനി കൂട്ടിച്ചേര്‍ത്തു.

Also read: 'യുവനടന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു', പോലീസ് ചോദ്യം ചെയ്‌തേക്കും, ലക്ഷ്യം ഡബ്ലുസിസി

'ഡോക്ടര്‍, ഐടി തുടങ്ങി മറ്റ് ജോലി പോലെ തന്നെയാണ് ഈ ജോലിയും. പിന്നെ എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നത്? ഇത് വലിയ തെറ്റാണ്. ടിവി സീരിയലുകളിലെ വനിതകളോട് സംവിധായകരും ടെക്‌നീഷ്യന്‍മാരും ലൈംഗികാവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നു. ലൈംഗികോപദ്രവങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പല സത്രീകളും പരാതി നല്‍കുന്നില്ല. ചില സ്ത്രീകള്‍ ഇത് സഹിക്കുന്നു,' എന്നും അവര്‍ പറഞ്ഞു.

ലൈംഗികാരോപണത്തിന് പിന്നാലെ ഗായിക ചിന്മയിക്കും നടന്‍ ശ്രീ റെഡ്ഢിക്കുമെതിരെ തമിഴ് മേഖലയിലെ നിരോധനത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ടെന്നും പരാതി നല്‍കിയാല്‍ മേഖലയില്‍ നിന്ന് നിരോധനം നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു.