അമേരിക്കയുടെ സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് സെലൻസ്‌കി

Zelensky
Zelensky

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രെയിൻ. കൂടുതൽ ചർച്ചകൾക്കായി പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി അമേരിക്ക സന്ദർശിക്കും. ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ കരാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. പരിഷ്‌കരിച്ച യുഎസ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ആഴത്തിലുള്ള കരാറുകളിലേക്ക് നയിച്ചേക്കാമെന്നും എന്നാൽ പലതും യു എസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലൻസ്‌കി പറഞ്ഞു. അമേരിക്കൻ പക്ഷത്തുനിന്നും പ്രസിഡന്റ് ട്രംപിൽ നിന്നും കൂടുതൽ സജീവമായ സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു. പലതും അമേരിക്കയെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലെൻസ്‌കി പറഞ്ഞു.

tRootC1469263">

അതേസമയം ഏതാനും ചെറിയ കാര്യങ്ങളിൽ തീരുമാനം ആകാനുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുക്രെയിനിലെ കീവിനുള്ള സുരക്ഷാ ഗ്യാരന്റികളും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലെ സംഘർഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണവും ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഇപ്പോഴും വിയോജിപ്പുകൾ തുടരുന്നതെന്നാണ് റിപോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രെയിൻ തങ്ങളുടെ അധീനതയിലുള്ള കൂടുതൽ പ്രദേശങ്ങൾ റഷ്യക്ക് വിട്ടുനൽകേണ്ടിവരും. കൂടാതെ സൈനിക നിയന്ത്രണങ്ങൾ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വരും. നേരത്തെ കീഴടങ്ങലിനു തുല്യമാണെന്ന് വിശേഷിപ്പിച്ച് യുക്രെയിൻ തള്ളിക്കളഞ്ഞ വ്യവസ്ഥകളാണിവ. മൂന്നര വർഷമായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക, യുക്രെയിൻ, യൂറോപ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ ജനീവയിൽ ചർച്ച നടത്തിയിരുന്നു. ചർച്ച ചെയ്ത കരാറിലെ പ്രധാന വ്യവസ്ഥകളിൽ പ്രതിനിധികൾ പൊതു ധാരണയിലെത്തിയെന്ന് യുക്രെയിൻ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് പ്രതികരിച്ചു. റഷ്യകൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് അന്ത്യമാകും.

Tags