‘അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജോലി നൽകിയാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടും’: മുന്നറിയിപ്പുമായി താലിബാൻ
Jan 2, 2025, 20:22 IST
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടുമെന്ന് താലിബാന്റെ മുന്നറിയിപ്പ്. ശിരോവസ്ത്രം ശരിയായി ധരിക്കുന്നില്ലെന്ന് ആരോപിച്ച് അഫ്ഗാന്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എന്‍ജിഒകളോട് പറഞ്ഞതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ തീരുമാനം വരുന്നത്.
അതേസമയം പുതിയ ഉത്തരവ് പാലിക്കാത്ത എന്‍ജിഒകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്ടപ്പെടുമെന്ന് സാമ്പത്തിക മന്ത്രാലയം എക്സില്‍ പ്രസിദ്ധീകരിച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ, വിദേശ സംഘടനകള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും രജിസ്‌ട്രേഷന്‍, ഏകോപനം, നേതൃത്വം, മേല്‍നോട്ടം എന്നിവയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് മന്ത്രാലയം അറിയിച്ചു.