ജെര്‍മി കോര്‍ബിന്റെ പാത പിന്തുടരുമോ കെയ്ര്‍ സ്റ്റാര്‍മര്‍ ; കശ്മീര്‍ വിഷയം ഉള്‍പ്പെടെ നിലപാട് നിര്‍ണ്ണായകം

starmer

വന്‍ ഭൂരിപക്ഷത്തില്‍ കെയ്ര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ കശ്മീര്‍ പ്രശ്‌നത്തിലെ അവരുടെ നിലപാട് ചര്‍ച്ചായകുന്നു. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് കൂടിയാണ് ലേബര്‍ ഭരണകാലം തുടക്കമിടുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍, കശ്മീര്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ മറ്റ് ബ്രിട്ടീഷ് രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായി തന്നെ മുന്‍കാലങ്ങളില്‍ ലേബര്‍ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്.

ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 2019 സെപ്റ്റംബറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ കശ്മീരിലെ സ്ഥിതിയെക്കുറിച്ച് അടിയന്തര പ്രമേയം പാസാക്കിയിരുന്നു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വന്ന പ്രമേയം, മേഖലയില്‍ മാനുഷിക പ്രതിസന്ധിയുണ്ടെന്നും കശ്മീരികള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ നീക്കത്തെ 'വിവരമില്ലാത്തതും അടിസ്ഥാനരഹിതവുമാണ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. പ്രമേയം ഇന്ത്യാ വിരുദ്ധമായും വിലയിരുത്തപ്പെട്ടു. ജെര്‍മി കോര്‍ബ് നേതൃത്വത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ ലേബര്‍ പാര്‍ട്ടി സ്വീകരിച്ച പല തീവ്രനിലപാടുകളും പിന്നീട് നേതൃത്വത്തിലെത്തിയ കെയ്ര്‍ സ്റ്റാര്‍മര്‍ ലഘൂകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിരുന്നു. നേതൃത്വത്തിലെത്തിയ ശേഷം പാര്‍ട്ടിയിലെ തീവ്ര ഇടതുപക്ഷക്കാരെ സ്റ്റാര്‍മര്‍ തുടച്ച് നീക്കിയിരുന്നു. അതിനാല്‍ തന്നെ കോര്‍ബിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച കശ്മീര്‍ നിലപാടില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഇന്ത്യബ്രിട്ടന്‍ ബന്ധത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags