കലിഫോര്‍ണിയയുടെ ജലനയങ്ങള്‍ അസാധുവാക്കാന്‍ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ്


വാഷിങ്ടണ്‍: കലിഫോര്‍ണിയയുടെ ജലനയങ്ങള്‍ അസാധുവാക്കാന്‍ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീയണക്കല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമെങ്കില്‍ കലിഫോര്‍ണിയയുടെ ജലനയം റദ്ദാക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് പ്രസിഡന്റ് നിര്‍ദേശം നല്‍കി. തുടര്‍ച്ചയായ കാട്ടുതീ നാശംവിതച്ച കലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് മേഖല സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഉത്തരവ്.
തീപിടിത്തത്തെ ചെറുക്കുന്നതിന് സംസ്ഥാനത്തിന്റെ വടക്ക് ഭാഗങ്ങളില്‍ നിന്ന് വെള്ളം നല്‍കാന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമും മറ്റ് ഉദ്യോഗസ്ഥരും വിസമ്മതിച്ചുവെന്ന തെറ്റായ വാദവും ട്രംപ് ഉന്നയിച്ചു.
സംസ്ഥാന നിയമങ്ങളോട് വിരുദ്ധമാണെങ്കിലും കൂടുതല്‍ ജലവും ജലവൈദ്യുതിയും വിതരണം ചെയ്യാനും അമേരിക്കൻ ബ്യൂറോ ഓഫ് റിക്ലമേഷനോട് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ഡാമുകളുടെയും കനാലുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും ശൃംഖലയായ സെന്‍ട്രല്‍ വാലി പ്രോജക്റ്റ് വഴിയുള്ള വിതരണത്തിനാണ് നിര്‍ദേശം.