അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക


ന്യൂയോർക്ക്: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യത്തെ സംഘത്തെ കയറ്റിയയക്കുന്ന നടപടിക്ക് തുടക്കം കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്. ആദ്യബാച്ച് കുടിയേറ്റക്കാരുമായി സി-17 സൈനിക വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടതായും 24 മണിക്കൂറിനകം ഇന്ത്യയിലെത്തുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഇതിനുമുമ്പ് സൈനിക വിമാനങ്ങളിൽ നാട്ടിലേക്ക് തിരിച്ചയച്ചത്.
അമേരിക്ക -മെക്സിക്കോ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുക, ഇവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുക തുടങ്ങിയ നീക്കങ്ങളും ഡോണൾഡ് ട്രംപ് സൈന്യത്തിന്റെ സഹായത്തോടെ നടപ്പിലാക്കി വരികയാണ്.