റഷ്യക്കെതിരെ യുദ്ധത്തിൽ സഹായിക്കണമെങ്കിൽ യുക്രെയ്ന്റെ അപൂർവമായ പ്രകൃതി വിഭവങ്ങൾ നൽകണം : ട്രംപ്


കിയവ്: റഷ്യക്കെതിരെ യുദ്ധത്തിൽ സഹായിക്കണമെങ്കിൽ യുക്രെയ്ന്റെ അപൂർവമായ പ്രകൃതി വിഭവങ്ങൾ യു.എസിന് നൽകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വളരെ വിലപ്പെട്ട പ്രകൃതി വിഭവങ്ങളുള്ള രാജ്യമാണ് യുക്രെയ്ൻ. ഇവ നൽകാമെങ്കിൽ 30000 കോടി ഡോളറിന്റെ ആയുധ സഹായം കൈമാറാമെന്ന് കരാറുണ്ടാക്കാൻ ഉദ്ദേശിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തന്നെയാണ് ഈ പദ്ധതി ആദ്യം അവതരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. അതേസമയം, അവസരം മുതലെടുക്കാനുള്ള ട്രംപിന്റെ നിലപാടിനെ വിമർശിച്ച് ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് രംഗത്തെത്തി.
ട്രംപിന്റെ പദ്ധതി സ്വാർഥവും സ്വന്തം കാര്യം മാത്രം നോക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രെയ്ന്റെ പുനർനിർമാണത്തിനാണ് അത്തരം പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കേണ്ടതെന്നും ഒലാഫ് പറഞ്ഞു. യു.എസ് കഴിഞ്ഞാൽ യുക്രെയ്ന് ഏറ്റവും കൂടുതൽ ആയുധ സഹായം നൽകുന്ന രാജ്യമാണ് ജർമനി.