എച്ച്-1ബി വിസകള്‍ക്ക് പുതിയതായി ഏര്‍പ്പെടുത്തിയ 1,00,000 ഡോളര്‍ ഫീസ് യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി

hib visa

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ ഈ ഫീസ് നിയമവിരുദ്ധമായ നികുതിക്ക് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

എച്ച്-1ബി വിസകള്‍ക്ക് പുതിയതായി ഏര്‍പ്പെടുത്തിയ 1,00,000 ഡോളര്‍ ഫീസ് യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി. വിദേശ പ്രൊഫഷണലുകള്‍ക്കും അവരെ നിയമിക്കുന്ന കമ്പനികള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വിധി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ ഈ ഫീസ് നിയമവിരുദ്ധമായ നികുതിക്ക് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഫീസ് വര്‍ദ്ധനവിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 20 സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സൊറോക്കിന്‍ അനുകൂല വിധി പുറപ്പെടുവിച്ചത്. ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം വിദേശികളുടെ വരവ് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമപരമായ പിഴയാണിതെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ കോടതി തള്ളി. ഇത്തരമൊരു ഫീസ് ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും അതിന് കോണ്‍ഗ്രസിന്റെ അംഗീകാരം വേണമെന്നും ജഡ്ജി വ്യക്തമാക്കി. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ വിധി.

യുഎസിലെ സാങ്കേതികവിദ്യാ കമ്പനികള്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകള്‍ വിദേശ വിദഗ്ദ്ധരെ നിയമിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് എച്ച്-1ബി വിസ. പ്രതിവര്‍ഷം 65,000 വിസകളും ഉന്നത ബിരുദമുള്ളവര്‍ക്കായി അധികമായി 20,000 വിസകളുമാണ് ഇതിലൂടെ അനുവദിക്കുന്നത്. നേരത്തെ 2,000 മുതല്‍ 5,000 ഡോളര്‍ വരെയായിരുന്നു അപേക്ഷാ ഫീസ്. ഫീസ് കുത്തനെ കൂട്ടിയതോടെ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായി. പുതിയ ഫീസ് ഘടന നിലവില്‍ വന്ന ശേഷം ഫെബ്രുവരി 15 വരെ വെറും 85 പേര്‍ മാത്രമാണ് ഫീസ് അടച്ചതെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കിയിരുന്നു. കൂടാതെ, തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് എച്ച്-1ബി രജിസ്ട്രേഷന്‍ 38.5 ശതമാനം കുറഞ്ഞ് 3,43,981-ല്‍ നിന്ന് 2,11,600 ആയി മാറിയിരുന്നു.

Tags