നാലു മന്ത്രിമാരെ ഉള്‍പ്പെടുത്തി ഐക്യസര്‍ക്കാര്‍ രൂപീകരിച്ച്‌ ശ്രീലങ്കന്‍ പ്രധാനമന്ത്രി
srilankanpm

ശ്രീലങ്കയില്‍ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ റനില്‍ വിക്രമസിംഗെ നാലു മന്ത്രിമാരെ ഉള്‍പ്പെടുത്തി ഐക്യസര്‍ക്കാര്‍ മന്ത്രിസഭ രൂപീകരിച്ചു.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഐക്യസര്‍ക്കാറില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് റനില്‍, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസക്ക് കത്തയച്ചു. രാഷ്ട്രീയ വേര്‍തിരിവ് മാറ്റിവെച്ച്‌ ശ്രീലങ്കയെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാവണമെന്നാണ് ആവശ്യം.

ജനരോഷത്തെ തുടര്‍ന്ന് രാജിവെച്ച മഹിന്ദ രാജപക്‌സ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി ജി.എല്‍. പെരിസ് ഉള്‍പ്പെടെ നാല് മന്ത്രിമാരെ ഉള്‍പ്പെടുത്തായാണ് മന്ത്രിസഭ രൂപീകരിച്ചത്. വിദേശകാര്യമന്ത്രിയുടെ വകുപ്പ് തന്നെയാണ് ജി എല്‍ പെരിസിന് നല്‍കിയത്. എന്നാല്‍, റനില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലാണ് മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗയയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.

അതിനിടെ, പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കുന്ന റനിലിന് പിന്തുണ നല്‍കുമെന്ന് ഭരണകക്ഷിയായ എസ്.എല്‍.പി.പി അറിയിച്ചു. റനിലുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ സാമ്ബത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ഒരുമിച്ച്‌ നില്‍ക്കുമെന്ന് എസ്.എല്‍.പി.പി നേതാവ് എസ്.എം. ചന്ദ്രസേന പറഞ്ഞു.

225 അംഗ പാര്‍ലമെന്റില്‍ എസ്.എല്‍.പി.പിക്ക് 114 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതി. മറ്റു ചില ചെറു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ റനില്‍ വിക്രമസിങ്കെ പ്രധാനമന്ത്രിസ്ഥാനത്ത് തുടരാനാണ് സാധ്യത. അതേസമയം, ഇന്ധനത്തിനും പാചകവാതകത്തിനുമുള്ള ക്ഷാമം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭങ്ങള്‍ ശ്രീലങ്കയില്‍ ശക്തമാവുകയാണ്.

Share this story