ന്യൂഓര്‍ലിയന്‍സ് ആക്രമണവും ടെസ്‌ല ട്രക്ക് പൊട്ടിത്തെറിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട് ; ബൈഡന്‍
15 പേരുടെ മരണത്തിനിടയാക്കിയ ന്യൂ ഓര്‍ലിയന്‍സ് ഭീകരാക്രമണവും ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് സ്ഫോടനത്തെയും കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് നിര്‍ണ്ണയിക്കേണ്ടതിന്റെ പ്രാധാന്യം ബൈഡന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നടത്തരുതെന്നും നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നും പൊതുജനങ്ങള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എഫ്ബിഐ നടത്തുന്ന അന്വേഷണങ്ങള്‍ സത്യസന്ധമായി മുന്നോട്ട്‌പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ട്രക്ക് പൊട്ടിത്തെറിച്ച സംഭവം ഞങ്ങള്‍ ട്രാക്ക് ചെയ്യുകയാണ്. ന്യൂ ഓര്‍ലിയാന്‍സിലെ ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതുള്‍പ്പെടെ നിയമ നിര്‍വ്വഹണ വിഭാഗവും രഹസ്യാന്വേഷണ വിഭാഗവും ഇതും അന്വേഷിക്കുന്നുണ്ട്,” സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.