മെക്സിക്കൻ നടി സിൽവിയ പിനൽ അന്തരിച്ചു
മെക്സിക്കോ : സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രശസ്തയായ മുതിർന്ന മെക്സിക്കൻ നടി സിൽവിയ പിനൽ (93) അന്തരിച്ചു. മെക്സിക്കോയുടെ സാംസ്കാരിക സെക്രട്ടറി ക്ലോഡിയ ക്യൂറിയൽ ഡി ഇക്കാസ അവരുടെ വിയോഗം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
ഏഴ് ദശാബ്ദങ്ങൾ നീണ്ടുനിന്ന അഭിനയ ജീവിതത്തിനിടയിൽ വിരിദിയാന (1961), ദി എക്‌സ്‌റ്റെർമിനേറ്റിങ് എയ്ഞ്ചൽ (1962), സൈമൺ ഓഫ് ദി ഡിസേർട്ട് (1965) എന്നിവയടക്കം പ്രശസ്ത സിനിമകളിൽ അവർ വേഷമിട്ടു.
മെക്‌സിക്കൻ സിനിമയായ ‘എൽ പെസാഡോ ഡീ ലോറ’ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്തു ശ്രദ്ധേയയാവുന്നത്. 100ലധികം ചിത്രങ്ങളിൽ അഭിനയിച്ച അവർ കൂടുതലും മെക്സിക്കൻ സിനിമകളിലാണ് അഭിനയിച്ചത്.
യഥാർഥ ജീവിത കഥകളെ അടിസ്ഥാനമാക്കി ടെലിവിഷനിൽ 1986 മുതൽ 2007 വരെ പ്രക്ഷേപണം ചെയ്ത ആന്തോളജി മെലോഡ്രാമയായ ‘മുജറി’ന്റെ അവതാരകയും നിർമ്മാതാവുമായിരുന്നു. ലാറ്റിനമേരിക്കയിൽ ഉടനീളം സംപ്രേഷണം ചെയ്ത ഹിറ്റ് പ്രോഗ്രാമായിരുന്നു ഇത്.