മുട്ടുവേദന രൂക്ഷം; മാർപാപ്പ ചികിത്സയിൽ
marpappa

റോം : വലതു കാൽമുട്ടിലെ കഠിനമായ വേദനയെത്തുടർന്ന് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഫ്രാൻസിസ് മാർപാപ്പ പ്രതിദിന പരിപാടികളിൽ മാറ്റം വരുത്തി. സഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും കഴിയാത്തതിനാൽ ഈസ്റ്റർ ഞായറാഴ്ച കുർബാന അർപ്പിക്കാൻ മാർപാപ്പ ഏറെ ബുദ്ധിമുട്ടിയിരുന്നു.

നഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. കാൽമുട്ടു വേദന മൂലം മാർപാപ്പ അടുത്തകാലത്ത് ഒട്ടേറെ പരിപാടികൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഉദരരോഗത്തെത്തുടർന്ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ അതിൽനിന്ന് പൂർണസുഖം പ്രാപിച്ചെങ്കിലും മുട്ടുവേദനയ്ക്ക് സ്ഥിരമായി ഫിസിയോതെറപ്പിക്കു വിധേയനായിരുന്നു.

തിരക്കേറിയ മാസങ്ങളാണ് മാർപാപ്പയെ കാത്തിരിക്കുന്നത്. വത്തിക്കാനിലെ തിരക്കിനു പുറമേ ജൂൺ മധ്യത്തിൽ ലബനനും ജൂലൈയിൽ കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളും ജൂലൈയിൽ കാനഡയും സന്ദർശിക്കും. എന്നാൽ, ജൂണിൽ റഷ്യയിലെ ഓർത്തഡോക്സ് സഭാ തലവൻ കിറിൽ പാത്രിയർക്കീസുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്ൻ യുദ്ധത്തെ അപലപിക്കുന്ന മാർപാപ്പ, റഷ്യൻ അധിനിവേശത്തെ പിന്തുണച്ച പാത്രിയർക്കീസിനെ കാണുന്നത് അനുചിതമാണെന്നു കരുതിയാണിത്. കീവ് സന്ദർശിക്കാനുള്ള തീരുമാനവും യുദ്ധം തുടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചിട്ടുണ്ട്

Share this story