മാലദ്വീപ്‌ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരേ ദുര്‍മന്ത്രവാദം; വനിത മന്ത്രിയും മുന്‍ ഭര്‍ത്താവും പിടിയില്‍, ദുരൂഹത

maldives

മാലദ്വീപ് : പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരേ ദുര്‍മന്ത്രവാദം നടത്തിയെന്ന കേസില്‍ വനിതാ മന്ത്രിയും മുന്‍ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മാലദ്വീപ് പരിസ്ഥിതി മന്ത്രിയായ ഫാത്തിമ ഷംനാസ് അലി സലീം, ഇവരുടെ മുന്‍ഭര്‍ത്താവും പ്രസിഡന്റ് ഓഫീസിലെ കാബിനറ്റ് റാങ്കിലുള്ള ആദം റമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവരെക്കുറിച്ചോ കേസിനെ സംബന്ധിച്ചോ പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫാത്തിമയുടെയും ആദം റമീസിന്റെയും ചില പ്രവൃത്തികളില്‍ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. പക്ഷേ, എന്ത് ദുര്‍മന്ത്രവാദമാണ് ഇവര്‍ നടത്തിയതെന്നോ ഇവര്‍ക്കെതിരേ ലഭിച്ച തെളിവുകളോ കേസിന്റെ വിശദവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

അതേസമയം, പ്രസിഡന്റെതിരേയുള്ള ദുര്‍മന്ത്രവാദവും മന്ത്രിയുടെ അറസ്റ്റും മാലദ്വീപില്‍ വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്തുവരുമെന്നും ഇത് ശക്തമായ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന.

Tags