ജോ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം ; ആശങ്ക സ്വകാര്യമായി പങ്കുവെച്ച് ഒബാമ

obama

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ജോ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറുന്നുവെന്ന ആശങ്ക അടുത്ത വൃത്തങ്ങളോട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വകാര്യമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്. 

ജൂണ്‍ 28ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ആദ്യ സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ ദയനീയമായ പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ഒബാമയുടെ പ്രതികരണമെന്നാണ് വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവാദത്തിന് ശേഷം ജോ ബൈഡന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഡമോക്രാറ്റ് നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിക്കുന്നതിനിടയിലാണ് ഒബാമയുടെ ആശങ്കയും പുറത്ത് വരുന്നത്. നേരത്തെ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി പിന്തുണച്ചിരുന്ന നേതാവാണ് ഒബാമ. സംവാദത്തിന് പിന്നാലെ ബൈഡനുമായി ഒബാമ സംസാരിക്കുകയും ചെയ്തിരുന്നു.

സംവാദത്തിന് പിന്നാലെ ബൈഡനെ പിന്തുണയ്ക്കുന്ന നിലപാട് ഒബാമ സ്വീകരിച്ചിരുന്നു. 'മോശമായ സംവാദ രാത്രി' ഉണ്ടായെങ്കിലും പ്രസിഡന്റ് മത്സരത്തില്‍ തുടരുന്നുവെന്നായിരുന്നു ഒബാമയുടെ നിലപാട്. 'മോശമായ സംവാദ രാത്രികള്‍ സംഭവിക്കുന്നു. എനിക്കതറിയാം, എന്നെ വിശ്വസിക്കൂ. ഈ തിരഞ്ഞെടുപ്പ് ജീവിതകാലം മുഴുവന്‍ സാധാരണക്കാര്‍ക്കുവേണ്ടി പോരാടിയ ഒരാള്‍ക്കും സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന ഒരാള്‍ക്കും ഇടയിലുള്ളതാണ്. സത്യം പറയുന്ന, ശരിയും തെറ്റും അറിയുന്ന ഒരാള്‍ അത് നേരിട്ട് അമേരിക്കന്‍ ജനതയ്ക്ക് നല്‍കും. എന്നാല്‍ സ്വന്തം നേട്ടത്തിന് വേണ്ടി പല്ലിളിച്ച് കിടക്കുയാണ് ഒരാള്‍. കഴിഞ്ഞ രാത്രിയും ഇതിന് മാറ്റമുണ്ടായില്ല. അതുകൊണ്ടാണ് നവംബറില്‍ ഇത്രയധികം അപകടസാധ്യതയുള്ളത് എന്നായിരുന്നു നേരത്തെ ഒബാമയുടെ പ്രതികരണം.
 

Tags