എവിടെ പോകും! ഗാസ സിറ്റി ഒഴിയാന്‍ ജനങ്ങളോട് നിര്‍ദേശിച്ച് ഇസ്രയേല്‍; മേഖലയില്‍ സൈനിക ആക്രമണം രൂക്ഷമാകുന്നു

gaza

പലസ്തീന്‍ പ്രദേശത്തെ പ്രധാന നഗര കേന്ദ്രമായ ഗാസ സിറ്റി ഒഴിയാന്‍ ജനങ്ങളോട് നിര്‍ദേശിക്കാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ്. മേഖലയില്‍ സൈനിക ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളോട് പലായനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ലഘുലേഖകള്‍ ഇസ്രായേല്‍ സൈന്യം ബുധനാഴ്ച ഗാസ സിറ്റിയില്‍ വിതരണം ചെയ്തയായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലെത്തി ഗാസ സിറ്റിക്ക് മേല്‍ ലഘുലേഖകള്‍ നല്‍കുകയായിരുന്നു. അപകടമേഖലയില്‍ നിന്ന് നിർദേശിച്ചിരിക്കുന്ന സുരക്ഷിതമായ റോഡുകള്‍ വഴി ഡെയർ അല്‍ ബലയിലേയും അല്‍ സവൈദയിലേയും ഷെല്‍ട്ടറുകളിലേക്ക് നീങ്ങണമെന്നാണ് നിർദേശം.

ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നല്‍കിയതില്‍ അതിയായ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ (യുഎൻ) വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ആഴ്ചകളായി ഇസ്രയേല്‍ സൈന്യം ഗാസ സിറ്റിയിലെ വിവിധ മേഖലകളിലുള്ളവർക്ക് ഒഴിഞ്ഞുപോകണമെന്ന നിർദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ഈ പ്രദേശങ്ങളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.

വെടിനിർത്തലിനും ബന്ധികളെ മോചിപ്പിക്കുന്നതിനുമായുള്ള ശ്രമങ്ങള്‍ പലകോണില്‍നിന്ന് നടക്കുന്നുണ്ടെങ്കിലും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ചർച്ചകള്‍ ഖത്തറില്‍ പുനരാരംഭിക്കാനിരിക്കുകയാണ്. ഈജിപ്ത്, അമേരിക്ക, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ഇന്റലിജൻസ് മേധാവികള്‍ ചർച്ചയില്‍ പങ്കെടുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഗാസ സിറ്റിയില്‍ ഏകദേശം രണ്ടരലക്ഷത്തോളം പേർ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ചിലർ തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർ നഗരം വിട്ടുപോകാൻ ഇതുവരെ തയാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags