വിഖ്യാത അല്‍ബേനിയന്‍ സാഹിത്യകാരന്‍ ഇസ്മായില്‍ കദാരെ അന്തരിച്ചു

ismal

വിഖ്യാത അല്‍ബേനിയന്‍ സാഹിത്യകാരന്‍ ഇസ്മായില്‍ കദാരെ ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ബേനിയയിലെ ടിരാനയിലെ ആശുപത്രിയില്‍ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു എണ്‍പത്തിയെട്ടുകാരനായ കദാരെയുടെ അന്ത്യം. കവിതകളിലൂടെയും നോവലുകളിലൂടെയും ബാള്‍ക്കന്‍ ചരിത്രവും സംസ്‌കാരവും ലോകത്തിന്റെ മുന്‍പിലെത്തിച്ച എഴുത്തുകാരനാണ്.

അല്‍ബേനിയന്‍ സ്വേച്ഛാധിപതി ഇന്‍വെര്‍ ഹോജയുടെ കാലഘട്ടത്തില്‍ സാഹിത്യരചനയിലേക്കു തിരിഞ്ഞ കദാരെ സമൂഹത്തിലെ അനീതികളെയും കൊള്ളരുതായ്മകളെയും തന്റെ കാല്പനിക രചനകളിലൂടെ ലോകത്തിനു മുന്‍പില്‍ വരച്ചുകാട്ടി. 1963ല്‍ ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്. കദാരെയുടെ സാമൂഹിക വീക്ഷണങ്ങളുടെ സത്ത ഉള്‍ക്കൊണ്ട ദി സേജ്, ദി പാലസ് ഓഫ് ഡ്രീംസ് എന്നിവയും ശ്രദ്ധേയ നോവലുകളാണ്.

വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിന് ഏതാനും മാസം മുന്‍പ് 1990 അവസാനത്തോടെ പാരിസിലേക്ക് കുടിയേറിയ കദാരെ തന്റെ കൃതികളിലൂടെ തന്റെ ജന്മനാടിന്റെ കഥകള്‍ ലോകത്തിനു പറഞ്ഞുകൊടുത്തു. അടുത്തിടെയാണ് അദ്ദേഹം അല്‍ബേനിയയിലെ ടിറാനയിലേക്ക് മടങ്ങിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ വര്‍ഷം അല്‍ബേനിയന്‍ തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ കദാരെയെ ഗ്രാന്‍ഡ് ഓഫീസര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍ പദവി നല്‍കി ആദരിച്ചിരുന്നു. ഫ്രാന്‍സ് നേരത്തെ കദാരെയെ അക്കാദമി ഓഫ് മോറല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസിന്റെ വിദേശ അസോസിയേറ്റായും കമാന്‍ഡര്‍ ഓഫ് ദി ലീജിയന്‍ ഓഫ് ഓണറായും അംഗീകരിച്ചിരുന്നു.

45 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത എണ്‍പതിലധികം നോവലുകള്‍, നാടകങ്ങള്‍, തിരക്കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കഥാസമാഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ കൃതികള്‍ക്ക് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2005ല്‍ മാന്‍ ബുക്കര്‍ പ്രൈസും 2009ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയാസ് പ്രൈസ് ഫോര്‍ ദി ആര്‍ട്‌സും 2015ല്‍ ജെറുസലേം പ്രൈസും അദ്ദേഹത്തിനു ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് സാധ്യതയുള്ളയാളായ കദാരെ വളരെ മുന്‍പേ പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നു.

അല്‍ബേനിയയിലെ ജിജിറോകാസ്റ്റര്‍ പട്ടണത്തില്‍, പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെയും വീട്ടമ്മയുടെയും മകനായി 1936ലായിരുന്നു കദാരെയുടെ ജനനം. എഴുത്തുകാരിയായ ഹെലീന കദാരെയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുമുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ടിറാന സര്‍വകലാശാലയില്‍നിന്ന് ഭാഷകളിലും സാഹിത്യത്തിലും അദ്ദേഹം ബിരുദം നേടി. തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ മോസ്‌കോയിലെ ഗോര്‍ക്കി ഇന്‍സ്റ്റിട്യൂട്ടില്‍ സാഹിത്യത്തില്‍ ബിരുദം നേടി. പതിനേഴാം വയസിലാണ് ആദ്യ കവിത സമാഹാരം പുറത്തിറക്കുന്നത്.

കാണാതായ ഒരു ലബനിയന്‍ പുസ്തകത്തെ തേടിയുള്ള രണ്ട് കുട്ടികളുടെ കഥ പറയുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ നോവലയ ‘ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി’യുടെ ഭാഗങ്ങള്‍ 1960 ല്‍ ഒരു മാസികയില്‍ അച്ചടിച്ചുവന്നിരുന്നുവെങ്കിലും ഇത് പിന്നീട് നിരോധിക്കപ്പെട്ടു. ഹോജയുടെ ഭരണകാലത്തെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് കദാരെയുടെ നോവല്‍ എന്ന് അല്‍ബേനിയന്‍ വിമര്‍ശകര്‍ അഭിപ്രായപ്പെട്ടുവെങ്കിലും 1970ഇല്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഈ നോവലിന് വലിയ പ്രചാരം ലഭിച്ചു.

1975ഇല്‍ പ്രസിദ്ധീകരിക്കപ്പെട്ട കദാരെയുടെ രാഷ്ട്രീയ കവിതയായ ‘ദി റെഡ് പാഷാസ്’ നിരോധിക്കപ്പെട്ടതോടെ ഇദ്ദേഹം ഹോജയുടെ വലിയൊരു ചിത്രം തന്റെ നോവലായ ‘ദി ഗ്രേറ്റ് വിന്റര്‍’ഇല്‍ ഉള്‍പ്പെടുത്തി. സ്വപ്നങ്ങളെ പറ്റി പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉള്ളുകളികള്‍ മനസിലാക്കിയ ഒരു യുവാവിന്റെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ നോവലായ ‘ദി പാലസ് ഓഫ് ഡ്രീംസ്’ 1981ലാണ് പുറത്തിറങ്ങുന്നത്. ഇത് സമഗ്രാധിപത്യത്തിനോടുള്ള അദ്ദേഹത്തിന്റെ കാല്പനികയുദ്ധം തന്നെയായിരുന്നു. മണിക്കൂറുകള്‍ക്കകം ഈ പുസ്തകവും നിരോധിക്കപ്പെട്ടു. വിമര്‍ശനങ്ങള്‍ക്കിടയിലും അല്‍ബേനിയന്‍ എഴുത്തുകാര്‍ക്കിടയില്‍ വളരെ പ്രചാരം നേടിയ ഇദ്ദേഹം അല്‍ബേനിയന്‍ പീപ്പിള്‍സ് അസംബ്ലിയില്‍ അംഗമായിരുന്നു.

1989ലെ ബെര്‍ലിന്‍ മതില്‍ തകര്‍ച്ചയ്ക്ക് ശേഷം അല്‍ബേനിയന്‍ പ്രസിഡന്റുമായി ചര്‍ച്ചകള്‍ക്ക് മുതിര്‍ന്ന കദാരെ 1990 കളോടെ അല്‍ബേനിയയില്‍ ഒരിക്കലും നിയമപരമായ എതിര്‍പ്പിന് സാധ്യത ഉണ്ടാകില്ലെന്നും തന്റെ കൂറുമാറ്റം രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയ്ക്ക് കരുത്തേകുമെന്നും ഉറക്കെ പ്രഖ്യാപിച്ചു. അല്‍ബേനിയന്‍ രഹസ്യ പൊലീസായ സിഗുറിമിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് കദാരെ ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടിയ്.

ആഭ്യന്തര പ്രശ്‌നങ്ങളെയും കലുഷിതമായ രാഷ്ട്രീയമായ ഇടപെടലുകളെയും തന്റെ രചനകളിലൂടെ പരോക്ഷമായി വിമര്‍ശിച്ച കദാരെ ലോകശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായെങ്കിലും താനൊരു രാഷ്ട്രീയ എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടില്‍ തന്നെയാണ് എക്കാലത്തും ഉറച്ചുനിന്നത്.

‘അല്‍ബേനിയയ്ക്കും അല്‍ബേനിയക്കാര്‍ക്കും അവരുടെ അക്ഷരങ്ങളുടെ പ്രതിഭ, അവരുടെ ആത്മീയ വിമോചകന്‍, ബാല്‍ക്കന്‍ ജനതയ്ക്ക് അതിന്റെ പുരാണങ്ങളുടെ കവിയെ നഷ്ടപ്പെട്ടു. ആധുനിക സാഹിത്യത്തിന്റെ ഏറ്റവും പ്രശസ്തമായ പ്രതിനിധികളില്‍ ഒരാളെ യൂറോപ്പിനും ലോകത്തിനും നഷ്ടപ്പെട്ടു,’ അല്‍ബേനിയന്‍ പ്രസിഡന്റ് ബജ്റാം ബെഗാജ് മരണശേഷം പ്രസ്താവിച്ചു.

Tags