ബ്രിട്ടനിൽ കനത്ത മഞ്ഞുവീഴ്ച്ച
ലണ്ടൻ: ബ്രിട്ടനിൽ കനത്ത മഞ്ഞുവീഴ്ച്ച തുടരുന്നു. ശനിയാഴ്ച്ച രാത്രിയാണ് മഞ്ഞുവീഴ്ച്ച ആരംഭിച്ചത്. സതേൺ ഇംഗ്ലണ്ടിലും വെയിൽസിലും മഞ്ഞിന് പിന്നാലെയെത്തിയ മഴ ഗതാഗത തടസ്സം നീക്കിയെങ്കിലും രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളും സ്കോട്ട്ലൻഡും മഞ്ഞു പുതച്ച് കിടക്കുയാണ്. 48 മണിക്കൂറിനിടയിൽ കൂടുതൽ മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഇന്നലെ രാത്രി അടച്ച മാഞ്ചസ്റ്റർ, ലിവർപൂൾ വിമാനത്താവളങ്ങളുടെ റൺവേകൾ ഇന്ന് രാവിലെ ചേർന്ന സേഫ്റ്റി അവലോകന മീറ്റിംഗിന് ശേഷം വീണ്ടും തുറന്നു. എന്നാൽ ലീഡ്സ്, പ്രാഡ്ഫോർഡ് എയർപോർട്ടുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികൾ വിലയിരുത്തി സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഹീത്രൂ, ഗാട്ട്വിക്ക്, ലുട്ടൻ, സ്റ്റാൻസ്റ്റഡ്, സിറ്റി എയർപോർട്ട് തുടങ്ങി ലണ്ടൻ നഗരത്തിലെ വിമാനത്താവളങ്ങളിൽ ചില സർവീസുകൾ വൈകിയെങ്കിലും റൺവേ അടയ്ക്കേണ്ട സാഹചര്യം ഉണ്ടായില്ല.