തനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ; ജോ ബൈഡന്‍

joe-biden

തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ സംവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മത്സരത്തില്‍ ഉറച്ച് നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് ആവര്‍ത്തിച്ചാണ് തനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബൈഡനും എതിര്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന സംവാദം ഡെമോക്രാറ്റുകള്‍ക്ക് വലിയ തിരിച്ചടിയായതിന് പിന്നാലെ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനമുയരുകയായിരുന്നു. ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 'നാടകം' അവസാനിപ്പിക്കണമെന്നാണ് ബൈഡന്‍ ഡെമോക്രാറ്റ് ലോമേക്കേഴ്‌സിനോട് ആവശ്യപ്പെടുന്നത്.

ജൂണ്‍ 27 ലെ ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് പിന്നാലെയാണ് ബൈഡന്‍ ഏറെ പിറകോട്ട് പോയത്. ഏറ്റവും മോശം പ്രകടനമാണ് സംവാദത്തില്‍ ബൈഡന്‍ നടത്തിയത്. നേരത്തെ തന്നെ ബൈഡന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ട്രംപിനോട് മത്സരിക്കാന്‍ യോഗ്യനല്ല എന്ന് മാത്രമല്ല, അമേരിക്കയുടെ ഭാവിയെ നയിക്കാന്‍ ബൈഡന്‍ പ്രാപ്തനല്ലെന്ന് കൂടിയാണ് ഡെമോക്രാറ്റുകള്‍ തന്നെ വാദിക്കുന്നത്. ആരോഗ്യവും യുവത്വവുമുള്ള പ്രസിഡന്റിനെയാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ബൈഡന്‍ പിന്മാറിയാല്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ നീക്കം വരെ നടക്കുന്നുണ്ട്. എന്നാല്‍ ബൈഡന്‍ സ്വയം പിന്മാറാതെ ഇത് സാധ്യമല്ല. തിരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്മാറില്ലെന്നാണ് ഇപ്പോള്‍ ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്.
മത്സരത്തിന്റെ അവസാനം വരെ താനുണ്ടാകുമെന്നും ട്രംപിനെ പരാജയപ്പെടുത്തുമെന്നുമാണ് ബൈ!ഡന്‍ ഡെമോക്രാറ്റ് ലോമേക്കേഴ്‌സിനെഴുതിയ കത്തില്‍ പറയുന്നത്. 

Tags