ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന ആരോപണവുമായി ഹമാസ്

gaza
gaza

കരാര്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും ഹമാസ് പറഞ്ഞു.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന ആരോപണവുമായി ഹമാസ് രംഗത്ത്. ഗാസ മുനമ്പിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേല്‍ തടഞ്ഞതായി ഹമാസ് ആരോപിച്ചു. കരാര്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും ഹമാസ് പറഞ്ഞു. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കാന്‍ നെത്സരിം ഇടനാഴിയില്‍ കാത്തിരിക്കുകയാണെന്ന് ഗാസ സിവില്‍ പ്രതിരോധ ഏജന്‍സി വക്താവ് മഹ്‌മുദ് ബാസ്സലും പ്രതികരിച്ചു.


വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം നാല് ഇസ്രയേല്‍ വനിതാ സൈനികരെ വിട്ടയച്ചിരുന്നു. പിന്നാലെ ഇസ്രയേല്‍ 200 പലസ്തീന്‍ തടവുകാരെയും വിട്ടയച്ചു. എന്നാല്‍ അര്‍ബെല്‍ യഹൂദ് എന്ന വനിതയും ബന്ദികളാക്കിയവരുടെ കൂട്ടത്തിലുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. അര്‍ബെല്‍ യഹൂദ് ജീവനോടെയുണ്ടെന്നും അവരുടെ മോചനത്തിനാവശ്യമായ എല്ലാ ഉറപ്പും നല്‍കുന്നുവെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കേണ്ട അവസാന ദിവസമാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.

Tags