ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ ഒരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രത്യാഘാതം ഇറാന്‍ നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി ട്രംപ്

Donald Trump
തങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കരാറില്‍ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഒരു അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തില്‍ അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്. ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് പൂര്‍ണ്ണമായും തടയാന്‍ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കരാറില്‍ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ഈ സമാധാന ചര്‍ച്ചകളില്‍ അനുകൂലമായ പുരോഗതിയുണ്ടായതായി അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്. നിലവിലെ നിര്‍ദ്ദിഷ്ട കരാര്‍ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇറാന്‍, ആണവ വിഷയങ്ങളിലെ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ അടുത്ത 30 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ നടക്കൂ എന്നും സൂചിപ്പിച്ചു. സ്ട്രാറ്റജിക് പ്രാധാന്യമുള്ള ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യവും ഈ ചര്‍ച്ചകളുടെ ഭാഗമാണ്. അതേസമയം ഞായറാഴ്ചയോടെ തന്റെ ഉപദേശകരുമായി ചര്‍ച്ച നടത്തി കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് മറ്റൊരു അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെടുകയും കരാര്‍ ഒപ്പിടാതിരിക്കുകയും ചെയ്താല്‍ ഇറാന് മേല്‍ വീണ്ടും ശക്തമായ സൈനിക ആക്രമണം ആരംഭിക്കുമെന്നും മറ്റൊരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതം ഇറാന്‍ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

Tags