ടിബറ്റിലെ ഭൂചലനം ; മരണം 50 കടന്നു
ന്യൂഡൽഹി: ചൈനീസ് സ്വയംഭരണ പ്രദേശമായ ടിബറ്റിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. 53 പേർ മരിക്കുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനീസ് വാർത്ത ഏജൻസി ഷിൻഹുവ റിപ്പോർട്ട് ചെയ്തു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം നേപ്പാളിലും ബിഹാറിലും അസമിലും ബംഗാളിലും ഉൾപ്പെടെ ഉത്തരേന്ത്യയിൽ പലയിടത്തും അനുഭവപ്പെട്ടു. ഹിമാലയൻ ബെൽറ്റിൽ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടില്ല.
രാവിലെ 6.30ഓടെയാണ് ആദ്യ പ്രകമ്പനമുണ്ടായത്. ഇതിനു പിന്നാലെ ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചനങ്ങൾ കൂടി ഉണ്ടായതായി നാഷനൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു, ഇന്ത്യയിൽ പലയിടത്തും കെട്ടിടങ്ങൾ കുലുങ്ങിയെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. നേപ്പാളിലെ വിവരങ്ങളും ലഭ്യമായിട്ടില്ല. 2015ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നേപ്പാളിൽ 9000ത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.